കാർഡ് ബോർഡും അലങ്കാര പേപ്പറും ഫെവികോളും കൊണ്ടാണ് ഈ  അത്ഭുതമൊരുക്കിയത്.

കൊല്ലം: റോഡരികിൽ ശബരിമലയുടെ തനിപ്പകർപൊരുക്കി കൊല്ലം പട്ടാഴിയിലെ ഒരു കൂട്ടം വിദ്യാർത്ഥികൾ. നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടികൾ വിസ്മയം തീർത്തത്.

പനയനം മുരുകൻ കോവിലിന് സമീപം താമരക്കുടി വിവിഎച്ച്എസ്എസിൽ പത്താം ക്ലാസിൽ പഠിക്കുന്ന സഞ്ജയും നാല് സുഹൃത്തുക്കളും ചേർന്ന് നിർമ്മിച്ച മിനി ശബരിമല. വലിയമ്പലമേടും അഴുതാ നദിയും കല്ലിടാംകുന്നും നിലയ്ക്കലും പമ്പയും ത്രിവേണി സംഗമവും ശബരീശ സന്നിധിയും വരെ. കെ എസ് ആർ ടി സി ബസും തട്ടുകടയുമുണ്ട്. കാർഡ് ബോർഡും അലങ്കാര പേപ്പറും ഫെവികോളും കൊണ്ടാണ് ഈ അത്ഭുതമൊരുക്കിയത്.

സന്നിധാനം നിര്‍മിക്കാനായിരുന്നു ഏറ്റവും ബുദ്ധിമുട്ടെന്ന് സഞ്ജു പറഞ്ഞു. ഫോട്ടോകളും വീഡിയോയുമൊക്കെ നോക്കിയാണ് ചെയ്തത്. 6500 രൂപ ചെലവ് വന്നു. നാട്ടുകാരും വീട്ടുകാരും പിന്തുണയുമായി കൂടെയുണ്ടായിരുന്നുവെന്ന് സഞ്ജു പറഞ്ഞു. ചെലവായ തുക പിരിവിട്ട് നാട്ടുകാർ കുട്ടിക്കൂട്ടത്തിന് നൽകി. 

മിനി ശബരിമല ഹിറ്റായതോടെ മറ്റൊരു ആഗ്രഹം കൂടിയുണ്ട് സംഘത്തിന്. അടുത്ത വര്‍ഷം നേരില്‍ പോയി കണ്ടിട്ട് പന്തളം രാജകൊട്ടാരവും ചെയ്യുമെന്ന് കുട്ടിക്കൂട്ടം പറയുന്നു. മകരവിളക്കുവരെ നാട്ടുകാർക്കും യാത്രക്കാർക്കും കാണാനായി പ്രദർശനം തുടരാനാണ് തീരുമാനം.

YouTube video player