താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു.

മലപ്പുറം: മലപ്പുറം താനൂർ മൂലക്കലിൽ മിനിവാൻ ബൈക്കിലിടിച്ച് ഒരാൾ മരിച്ചു. താനൂർ ഉണ്ണിയാൽ സ്വദേശി കിഴക്കന്റെ പുരക്കൽ അൻഷിദ് ആണ് മരിച്ചത്. 22 വയസായിരുന്നു. അപകട സമയത്ത് അൻഷിദിന്‍റെ കൂടെയുണ്ടായിരുന്ന ബാസിതിന് പരിക്കേറ്റു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, തൃശ്ശൂരില്‍ ദേശീയപാത ആമ്പല്ലൂർ സിഗ്നൽ ജംഗ്ഷനിൽ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പാലക്കാട് ആലത്തൂർ സ്വദേശി മൂച്ചിക്കാട് വീട്ടിൽ ഷാഹുൽ ഹമീദിൻ്റെ മകൻ 25 വയസുള്ള നൗഫലാണ് മരിച്ചത്. ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ നൗഫലിനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി അടിമാലിയില്‍ ദേശീയ പാതയിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഡ്രൈവര്‍ക്ക് പരിക്കേറ്റു. വാളറക്ക് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട് പിക്ക് അപ്പ് വാൻ മറിഞ്ഞു. പരിക്കേറ്റ പിക്ക് അപ് വാൻ ഡ്രൈവറെ ഇരുമ്പ്പാലത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.