'പേര് വയ്ക്കൽ അൽപ്പത്തരം'; സംസ്ഥാനം ചെലവാക്കിയത് 13736 കോടി, കേന്ദ്രത്തിന്‍റെ സംഭാവന 2024 കോടി മാത്രം: രാജേഷ്
സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണ് കേന്ദ്രം മുടക്കിയതെന്ന് രാജേഷ്

തിരുവനന്തപുരം: കേന്ദ്രാവിഷ്‌കൃത പദ്ധതികൾക്ക് തുച്ഛമായ പണം നൽകുന്ന കേന്ദ്രസർക്കാർ, ലൈഫ് പദ്ധതിയിൽ അടക്കം ബ്രാന്‍റിംഗ് വേണമെന്ന് നിര്‍ബന്ധം പിടിക്കുകയാണെന്ന് തദ്ദേശ മന്ത്രി എം ബി രാജേഷ്. തുച്ഛമായ തുക മാത്രമാണ് ലൈഫ് പദ്ധതിക്ക് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ബാക്കി തുകയത്രയും മുടക്കുന്നത് കേരളമാണെങ്കിലും കേന്ദ്രത്തിന്റെ പേര് മാത്രം വയ്ക്കണം എന്ന അൽപ്പത്തരമാണ് കേന്ദ്രം പറയുന്നത്.
സംസ്ഥാന സർക്കാർ പദ്ധതിക്കായി ആകെ ചെലവഴിച്ച തുകയുടെ 11 ശതമാനം മാത്രമാണ് കേന്ദ്രം മുടക്കിയത്. 13736 കോടി സംസ്ഥാനം ചെലവാക്കിയതിൽ 2024 കോടി മാത്രമാണ് കേന്ദ്രസർക്കാരിന്റെ സംഭാവനയെന്നും മന്ത്രി വിശദീകരിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
അതിനിടെ പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച എം പിമാരുടെ യോഗത്തിലും വിഷയം ചർച്ചയായി. കേന്ദ്രാവിഷ്കൃത പദ്ധതികളുടെയും കേന്ദ്രവിഹിതം വരുന്ന പദ്ധതികളുടെയും നടത്തിപ്പിന് കേന്ദ്രസർക്കാർ ബ്രാൻഡിംഗ് ഉപയോഗിക്കുന്നത് നിർബന്ധമാക്കുന്നത് കേരളത്തിൽ നിന്നുള്ള എം പിമാർ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. കേരളത്തിന്റെ ലൈഫ് പദ്ധതിയടക്കമുള്ളവയിൽ നാമമാത്രമായ കേന്ദ്രവിഹിതം മാത്രമേ ഉള്ളൂ. അവയിൽ കേരളസർക്കാരിന്റെ ലോഗോ പോലും വെക്കുന്നില്ല. ഇതിലെല്ലാം കേന്ദ്രസർക്കാർ പദ്ധതിയുടെ ലോഗോയും പേരും വെക്കണമെന്ന നിർദ്ദേശം അംഗീകരിക്കാനാവില്ല. ഈ വിഷയത്തിലും കേരളത്തിൽ നിന്നുള്ള എം പിമാർ ഒരുമിച്ചു നിന്ന് പ്രതികരിക്കണമെന്ന് ചർച്ചയിൽ ആവശ്യമുയർന്നു. അതോടൊപ്പം ഇത്തരം പദ്ധതികൾക്കുള്ള കേന്ദ്ര വിഹിതം കുടിശ്ശികയായത് തന്നുതീർക്കാനും ആവശ്യപ്പെടും. ഇതിനായി ബന്ധപ്പെട്ട കേന്ദ്രമന്ത്രിമാരെ ഒരുമിച്ചുപോയി കാണാൻ എംപിമാർ തീരുമാനമെടുത്തു. കേന്ദ്ര അവഗണന കാരണം മറ്റ് സംസ്ഥാനങ്ങളും ഇതുപോലെ ധാരാളം പ്രശ്നങ്ങളനുഭവിക്കുന്നുണ്ട്. അവരെയെല്ലാം ചേർത്തുനിർത്തിക്കൊണ്ടുള്ള പ്രതിഷേധ പരിപാടികളും ആസൂത്രണം ചെയ്യാൻ യോഗത്തിൽ ധാരണയായി. ആദ്യഘട്ടത്തിൽ യോജിച്ച നിവേദനം നൽകാനും തീരുമാനിച്ചു. നിവേദനം തയ്യാറാക്കാൻ ധനകാര്യ മന്ത്രി മുൻകൈ എടുക്കണമെന്നും യോഗം തീരുമാനിച്ചിട്ടുണ്ട്.