ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ വേണം. ഇതിനായി വനം വകുപ്പിന്റെ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. 

കല്‍പ്പറ്റ: ഭൂരഹിതരായ ആദിവാസി വിഭാഗങ്ങള്‍ക്ക് നിയമപരമായി ലഭിക്കേണ്ട ഭൂമി ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടപടി ഊര്‍ജ്ജിതമാക്കുമെന്ന് മന്ത്രി എ കെ ബാലന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി പട്ടികവര്‍ഗ്ഗ വകുപ്പിന്റെ വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വെള്ളപ്പൊക്കക്കെടുതികള്‍ നേരിട്ട പട്ടികവര്‍ഗ്ഗക്കാരുടെ പുനരധിവാസത്തിന്റെ ഭാഗമായി ഭൂരേഖ വിതരണം, ഗോത്രജീവിക സംഘങ്ങള്‍ക്കുള്ള ധനസഹായ വിതരണം തുടങ്ങിയവ മന്ത്രി നിര്‍വഹിച്ചു. 

സുപ്രീംകോടതി വിധിപ്രകാരം 19,000 ഏക്കര്‍ ഭൂമി ആദിവാസികള്‍ക്ക് അവകാശപ്പെട്ടതാണ്. അര്‍ഹതപ്പെട്ടവരില്‍ ചുരുക്കം ആദിവാസികള്‍ക്കു മാത്രമാണ് ഇതുവരെ ഭൂമി വിതരണം ചെയ്യാന്‍ കഴിഞ്ഞത്. വനം വകുപ്പിന്റെ കൈവശമുള്ള അവശേഷിക്കുന്ന ഭൂമി ഭൂരഹിതരായ ആദിവാസികള്‍ക്ക് നല്‍കാന്‍ നടപടിയെടുക്കും. ഇതിനായി മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ വനം-റവന്യൂ വകുപ്പുകളുടെയും ബന്ധപ്പെട്ട ജില്ലാകലക്ടര്‍മാരുടെയും യോഗം ചേരുമെന്നും മന്ത്രി അറിയിച്ചു. 

ഭൂരഹിതരായ ആദിവാസികള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ ജില്ലാ കലക്ടര്‍മാരുടെ അടിയന്തര ഇടപെടല്‍ വേണം. ഇതിനായി വനം വകുപ്പിന്റെ സഹകരണവും മന്ത്രി ആവശ്യപ്പെട്ടു. ആയിരം ദിനാഘോഷത്തിന്റെ ഭാഗമായി 10,000 കോടിയുടെ വിവിധ പദ്ധതികളാണ് സംസ്ഥാനത്ത് ഉദ്ഘാടനം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.