ഒറ്റമഴയിൽ തിരുവനന്തപുരം നഗരം വെള്ളക്കെട്ടിലായതിനെ തുടർന്ന് മന്ത്രി സി പി ജോണിന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. ഓടകളിലും തോടുകളിലും മാലിന്യം തള്ളുന്നവർക്കെതിരെ പിഴയടക്കം കർശന നടപടി സ്വീകരിക്കാനും വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണാനും യോഗത്തിൽ തീരുമാനമായി. തീരശോഷണം തടയാനുള്ള നടപടികളും യോഗം വിലയിരുത്തി.
തിരുവനന്തപുരം: ഒറ്റമഴയിൽ നഗരം വെള്ളക്കെട്ടായി മാറിയത് ചർച്ചയായതോടെ ഉന്നത തല യോഗത്തിന് മുന്നോടിയായി ഉഗ്യോഗസ്ഥ യോഗം വിളിച്ച് ജില്ലയുടെ ചുമതലയുള്ള മന്ത്രി സി പി ജോൺ. നഗരത്തിലെ ഓടകൾ, തോടുകൾ തുടങ്ങിയവയിൽ മാലിന്യം തള്ളുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മാലിന്യം തള്ളുന്നവരോട് യാതൊരു തരത്തിലുള്ള ദാക്ഷണ്യവുമുണ്ടാവില്ലെന്നും മന്ത്രി അറിയിച്ചു. കനത്ത പിഴയടക്കമുള്ള കടുത്ത നിയമനടപടികൾ സ്വീകരിക്കും. മാലിന്യം തള്ളുന്നവർക്കും അത് നൽകുന്ന സ്ഥാപനങ്ങൾക്കുമെതിരെ നടപടി ഉണ്ടാകും. പൊലീസ് ഇക്കാര്യത്തിൽ കടുത്ത ജാഗ്രത പാലിക്കണമെന്നും പരിശോധന കർശനമാക്കണമെന്നും സി പി ജോൺ നിർദ്ദേശം നൽകി.
വെള്ളക്കെട്ടിന്‍റെ പശ്ചാത്തലത്തിൽ അതിനുണ്ടായ കാരണങ്ങൾ വിശദമായി മനസ്സിലാക്കി പരിഹരിക്കുന്നതിന് നടപടി സമയബന്ധിതമായി സ്വീകരിക്കും. വിവിധ വകുപ്പുകളുടെയും കോർപ്പറേഷന്‍റെയും കൂട്ടായ പ്രവർത്തനത്തിലൂടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കണ്ടെത്തുകയാണ് ലക്ഷ്യം. ഇതിന്‍റെ ഭാഗമായി മഴക്കാല പൂർവ്വ ശുചീകരണവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ, അത്തരത്തിൽ ഒരു വെള്ളക്കെട്ടിലേക്ക് നയിക്കാനിടയായ സാഹചര്യങ്ങൾ , വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് ഹൃസ്വ -ദീർഘകാലാടിസ്ഥാനത്തിൽ സ്വീകരിക്കാവുന്ന നടപടികൾ എന്നിവ വിശകലനം ചെയ്ത് മൂന്ന്ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർക്ക് റിപ്പോർട്ട് സമർപ്പിക്കന്നതിന് മേജർ ഇറിഗേഷൻ, കോർപ്പറേഷൻ അധികൃതർക്ക് മന്ത്രി നിർദ്ദേശം നൽകി.
തീരശോഷണം പരിഹരിക്കുന്നതിനായി വലിയതുറ, ശംഖുംമുഖം ഭാഗങ്ങളിൽ ജിയോ ബാഗുകൾ നിരത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. തീരദേശവാസികളുടെ ആശങ്കകൾ അകറ്റുന്നതിന് സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. റോഡിലേക്ക് അപകടകരമായി നിൽക്കുന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിൽ ചില അപാകതകൾ ശ്രദ്ധയിൽ പെട്ടതായി യോഗത്തിൽ പങ്കെടുത്ത ജില്ലാ കളക്ടർ അനു കുമാരി അറിയിച്ചു. ചില്ലകൾ മുറിക്കുമ്പോൾ മറ്റ് അപകടങ്ങൾക്ക് സാധ്യത ഇല്ലാത്ത തരത്തിൽ ശാസ്ത്രീയ രീതി അവലംബിക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രദ്ധിക്കണമെന്നും അവർ പറഞ്ഞു. സെക്രട്ടറിയേറ്റ് ദർബാർ ഹാളിൽ ചേർന്ന യോഗത്തിൽ കളക്ടർ, എഡിഎം നിർമ്മൽ കമാർ.ജി, തഹസിൽദാർമാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. വിഷയം ചർച്ച ചെയ്യാൻ നാളെ മന്ത്രിമാരുടെ നേതൃത്വത്തിൽ ഉന്നത തലയോഗവും ചേരുന്നുണ്ട്.


