ഇടുക്കി: മൂന്നാര്‍ ടൗണിന്‍റെ പ്രതിച്ഛായ മാറ്റാന്‍ ഫ്ലൈഓവര്‍ നിര്‍മ്മിക്കാന്‍ പദ്ധതിയുമായി വൈദ്യുതി മന്ത്രി എം എം മണി. പ്രളയത്തില്‍ തകര്‍ന്ന പാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ ആകാശപ്പാലം നിര്‍മ്മിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

സംസ്ഥാനവും ജില്ലയും മുന്നേറ്റത്തിൻ്റെ പാതയിലാണ്. മൂന്നാർ ടൗണിൽ ഫ്ലൈഓവർ നിർമ്മിച്ചാൽ ടൗണിലെ തിരക്ക് കുറക്കാൻ സാധിക്കും. ഫ്ലൈ ഓവർ നിർമ്മിച്ചാൽ ആവശ്യമുള്ളവർക്ക് മാത്രം മൂന്നാർ ടൗണിൽ ഇറങ്ങിയാൽ മതിയാകും. ശേഷിക്കുന്നവർക്ക് തിരക്കിൽപ്പെടാതെ മറ്റിടങ്ങളിലേക്ക് കടന്ന് പോകാനാകുമെന്നും മന്ത്രി പറഞ്ഞു.

2018ലെ പ്രളയത്തിലായിരുന്നു പഴയ മൂന്നാർ ടൗണിനേയും ഹൈറേഞ്ച് ക്ലബ്ബ് റോഡിനേയും തമ്മിൽ ബന്ധിപ്പിക്കുന്ന തൂക്കുപാലം തകർന്നത്. പിന്നീട് പ്രദേശത്തെ മുന്നൂറോളം വരുന്ന കുടുംബങ്ങൾ ബൈപ്പാസ് റോഡ് വഴി വേണമായിരുന്നു ടൗണിലെത്താൻ. ഇതിന് പരിഹാരമായാണ് പുതിയ പാലം നിർമ്മിക്കാനുള്ള പദ്ധതി തയ്യറാക്കിയിട്ടുള്ളത്. ആട്ടുപാലങ്ങളുടെ നിര്‍മ്മാണങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് ആകാശ പാലങ്ങള്‍ നിര്‍മ്മിക്കും.