കൊയ്ത്തുപാട്ടിന്റെ താളത്തിൽ കൃഷിമന്ത്രിയും പാടത്ത് വിളവെടുപ്പിന് ഇറങ്ങിയതോടെ കർഷകരിൽ ആവേശം തിരതല്ലി. 56-ഓളം കൊയ്ത്തുകാരോടപ്പം മന്ത്രി പി. പ്രസാദും അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിര് കൊയ്യാൻ ഇറങ്ങിയതോടെ നാട്ടുകാരും കൂടെകാരു കൂടി
ചേർത്തല: കൊയ്ത്തുപാട്ടിന്റെ താളത്തിൽ കൃഷിമന്ത്രിയും പാടത്ത് വിളവെടുപ്പിന് ഇറങ്ങിയതോടെ കർഷകരിൽ ആവേശം തിരതല്ലി. 56-ഓളം കൊയ്ത്തുകാരോടപ്പം മന്ത്രി പി. പ്രസാദും അരക്കൊപ്പം വെള്ളം നിറഞ്ഞ പാടത്ത് കതിര് കൊയ്യാൻ ഇറങ്ങിയതോടെ നാട്ടുകാരും കൂടെകാരു കൂടി. കഴിഞ്ഞ മെയ്യ് 14 ന് പാടശേഖരത്ത് മന്ത്രി പി പ്രസാദാണ് ഔഷധ ഗുണമേന്മയുള്ള ചെട്ടി വിരിപ്പ് നെൽ വിത്ത് വിതച്ചത്.
117 ദിവസങ്ങൾക്ക് ശേഷം മന്ത്രി തന്നെ വിളവ് കൊയ്തപ്പോൾ ഔദ്യോഗിക തലത്തിൽ ആദ്യ പൊൻതൂവലായി മാറി. പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ വെട്ടയ്ക്കൽ മൂർത്തിങ്കൽ ക്ഷേത്രത്തിന് സമീപം 60 ഏക്കർ പാടത്താണ് കൃഷി ചെയ്തത്. പൊലീസിൽ നിന്നും വിരമിച്ച എസ്ഐ മാരായ പിഎൻ പ്രസന്നൻ, കെ എസ് മുരളീധരൻ, ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ 15 ഓളം കർഷകരാണ് കൃഷിയ്ക്ക് നേതൃത്വം നൽകിയത്.
പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്, പട്ടണക്കാട് പഞ്ചായത്ത്, അഡാക്ക്, കൃഷി വകുപ്പ് എന്നിവരുടെ സഹായത്തോടെയാണ് 40 വർഷങ്ങൾക്ക് ശേഷം എ ബ്ലോക്ക് പാടശേഖരത്ത് നൂറ് മേനി വിളയിച്ചത്. നാല് മാസത്തോളമെടുത്ത കൃഷിയ്ക്ക് 20 ലക്ഷത്തോളം ചെലവ് വന്നു. ചെട്ടിവിരിപ്പ് നെൽവിത്തിന് ഒരു കിലോയ്ക്ക് 100 മുതൽ 160 രൂപ വരെ നൽകിയാണ് വാങ്ങിയത്.
സമീപ പാടശേഖരങ്ങളായ കൊട്ടള പാടത്തും, ബി ബ്ലോക്കിലും നെൽകൃഷി ചെയ്യുന്നുണ്ടെങ്കിലും എൻ എ എഫ് സി സി യുടെ ധനസഹായത്തോടെ അഡാക്കിന്റെ പ്രൊജക്ടിൽ ഉൾപ്പെടുത്തിയാണ് കൃഷി ചെയ്തത്. കൊയ്ത്തിന് ശേഷം സർക്കാരിന്റെ ഒരു നെല്ലും ഒരു മീനും പദ്ധതിയിൽ ഉൾപ്പെടുത്തി പൂമീൻ കുഞ്ഞുങ്ങളെ നിക്ഷേപിക്കുെമെന്ന് സംഘാടകർ പറഞ്ഞു. രാവിലെ പാടശേഖരത്തിന് സമീപം നടന്ന സമ്മേളനം മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.
