പാരമ്പര്യ നെല്‍വിത്തു സംരക്ഷകന്‍ കൂടിയായ ചെറുവയല്‍ രാമനെ വയനാട്ടിലെ വീട്ടിലെത്തി സന്ദര്‍ശിച്ച് കൃഷി മന്ത്രി പി. പ്രസാദ്
കല്‍പ്പറ്റ: ഒരു മാസം മുമ്പായിരുന്നു വയനാട്ടിലെ (Wayanad) പാരമ്പര്യ കര്‍ഷകനായ ചെറുവയല്‍ രാമന് (Cheruvayal Raman) കൃഷി മന്ത്രി പി. പ്രസാദ് (P Prasad) ഒരു വാക്ക് നല്‍കിയത്. ''ഒരു ദിവസം ഞാന്‍ രാമേട്ടന്റെ വീട്ടിലെത്താം'' എന്നതായിരുന്നുവത്. കൊവിഡ് നിയന്ത്രണത്തില്‍ ഓണ്‍ലൈനായി കല്‍പ്പറ്റയില്‍ നടന്ന പ്രിന്‍സിപ്പല്‍ കൃഷി ഓഫീസിന്റെ ഉദ്ഘാടനവേളയിലാണ് മന്ത്രി അന്ന് ചടങ്ങില്‍ പങ്കെടുത്ത ചെറുവയല്‍ രാമനോട് വീട്ടിലേക്ക് വരുമെന്ന കാര്യം പറഞ്ഞത്. ഈ വാക്ക് പാലിച്ച് ശനിയാഴ്ച മന്ത്രി മാനന്തവാടി കമ്മന ചെറുവയലിലെ പുല്ലുമേഞ്ഞ ചെറുവയല്‍ തറവാടിന്റെ വരാന്തയിലെത്തിയപ്പോള്‍ രാമേട്ടന് നിറഞ്ഞ സന്തോഷമായിരുന്നു.
''സാറ് വാക്ക് പാലിച്ചല്ലോ...' എന്നു പറഞ്ഞാണ് പാരമ്പര്യ നെല്‍വിത്തു സംരക്ഷകന്‍ കൂടിയായ രാമേട്ടനും കുടുംബവും മന്ത്രിയെ വീട്ടിലേക്ക് സ്വീകരിച്ചത്. പിന്നെ ഇറതാണ നീളന്‍ വരാന്തയില്‍ പുല്‍പ്പായയിലരുന്ന് മന്ത്രി തനി നാടന്‍ ഗ്രാമീണനായി മാറി. കാലത്തെ തോല്‍പ്പിച്ച പുല്ല് വീടിന്റെ വരാന്തയിലിരുന്ന് കൃഷിക്കാലത്തിന്റെ ഓര്‍മ്മകളേറെ മന്ത്രിയുമായി പങ്കുവെച്ചു രാമേട്ടന്‍. രാവിലെ ഏഴരയ്ക്ക് രാമേട്ടന്റെ വീട്ടില്‍ എത്തിയ മന്ത്രി ഏറെ നേരം ഇവിടെ ചിലവഴിച്ചു. മന്ത്രിക്ക് വിസ്മയമായി മാറുകയായിരുന്നു ഈ പൈതൃക ഭവനം. മഞ്ഞിന്റെ തണുപ്പില്‍ ഒന്നര മണിക്കൂറോളം സംഭാഷണം നീണ്ടു.
സ്വന്തം നാടായ ഓണാട്ടുകരയെക്കുറിച്ച് കുറിച്ച് പറയുമ്പോള്‍ കൃഷി ഉപജീവനവും വരുമാനവുമായിരുന്ന കാര്യം മന്ത്രി ഓര്‍ത്തെടുത്തു. മാറിയ കൃഷിരിതികളെയും പരിസ്ഥിതി സന്തുലിതമായ കാലാവസ്ഥയെ കുറിച്ചുമൊക്കെ ചെറുവയല്‍ രാമന്‍ മന്ത്രിയോടും പറഞ്ഞു. കുട്ടികളിലും പുതിയ തലമുറയിലും കൃഷി ശീലമാകാന്‍ എന്തെങ്കിലും ചെയ്യണമെന്ന് രാമേട്ടന്‍ പറഞ്ഞപ്പോള്‍ വിദ്യാലയങ്ങളില്‍ കൃഷി സേനയ്ക്ക് തുടക്കമിടാന്‍ പോവുകയാണെന്ന കാര്യം മന്ത്രി അറിയിച്ചു. 'ഞങ്ങളും കൃഷിയിടത്തിലേക്ക്' എന്ന പേരില്‍ എല്ലാ കുടുംബങ്ങളിലും കൃഷി ചെയ്യാനുള്ള ത്വരയുണ്ടാക്കും. മന്ത്രി അറിയിച്ചു.
സംഭാഷണത്തിന് ശേഷം അകത്തെ പത്തായപുരയും നെല്ല് സൂക്ഷിക്കുന്ന അറയുമെല്ലാം അദ്ദേഹം നടന്നു കണ്ടു. അപ്പോഴേക്കും രാമേട്ടന്റെ സ്വന്തം പാടത്ത് വിളയിച്ച മരതൊണ്ടി നെല്ല് ഉരളില്‍ കുത്തിവെളുപ്പിച്ച അരിയുടെ കഞ്ഞിയും വയനാടന്‍ ചേമ്പും റെഡിയായിരുന്നു. പുല്‍പ്പായയില്‍ ചമ്രം പടിഞ്ഞിരുന്നു മന്ത്രിയും രാമേട്ടനോടൊപ്പം പ്രഭാത ഭക്ഷണത്തില്‍ പങ്കുചേര്‍ന്നു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ രാമന് ഒരു നിര്‍ബന്ധം. കുറിച്യ പരമ്പരാഗത ആയുധം അമ്പും വില്ലും മന്ത്രി ഒന്നു പരീക്ഷിക്കണമെന്നതായിരുന്നുവത്. ചെറിയ പരിശീലനത്തൊടുവില്‍ ലക്ഷ്യത്തിലേക്ക് അമ്പും തൊടുത്തു. യാത്രയാക്കാന്‍ വാഹനത്തിനരികില്‍ എത്തിയ ചെറുവയല്‍ രാമന് മന്ത്രിയുടെ വക ഒരു സല്യൂട്ട്. തനിക്ക് കിട്ടിയ പകരമില്ലാത്ത ആദരവിന് അപ്പോഴും നിറഞ്ഞ പുഞ്ചിരിയോടെ രാമന്റെയും തിരിച്ചുള്ള സല്യൂട്ട്.
അനേകം പേര്‍ക്ക് ആതിഥിമരുളിയ ചെറുവയലിലെ പുല്ല് വീടിന് ആ സന്ദര്‍ശനവും ഒരു അസുലഭ നിമിഷമായി മാറുകയായിരുന്നു. മണ്ണില്‍ പണിയെടുക്കുന്ന കൃഷിക്കാരന്റെ മനസ്സ് നിറയണമെന്നും കണ്ണ് നിറയരുതെന്നും ജപ്തി നടപടികള്‍ പുനപരിശോധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരോടായി മന്ത്രി പറഞ്ഞു. തുടര്‍ന്ന് തൊട്ടടുത്ത നെച്ചോളി കോളനിയില്‍ കുഴഞ്ഞു വീണ് മരിച്ച മൂപ്പന്‍ വേണുവിന്റെ വീടും സന്ദര്‍ശിച്ചാണ് മന്ത്രി പി.പ്രസാദ് മടങ്ങിയത്.
