ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിനായി ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് പടിഞ്ഞാറെ കല്ലടയിൽ നിർമ്മിച്ച വീടിന്റെ ഉദ്ഘാടനം മന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. 20 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വീടിന്റെ താക്കോൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ കൈമാറി.  

പടിഞ്ഞാറെ കല്ലട: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിന് സമീപത്തെ വൈദ്യുതിലൈനില്‍ നിന്നും ഷോക്കേറ്റ് ദാരുണമായി മരണപ്പെട്ട മിഥുന്റെ കുടുംബത്തിന് താങ്ങായി കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ്. മിഥുന്റെ കുടുംബത്തിനായി പടിഞ്ഞാറെ കല്ലട വെളിന്തറയില്‍ നിര്‍മിച്ച വീടിന്റെ ഉദ്ഘാടനം പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ കുടുംബത്തിന് വീടിന്റെ താക്കോൽ കൈമാറി.

വിദ്യാഭ്യാസ മന്ത്രിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരമാണ് ഭാരത് സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്‌സ് ഈ പദ്ധതി ഏറ്റെടുത്തത്. ഏകദേശം 20 ലക്ഷം രൂപ ചെലവഴിച്ചാണ് വീട് നിര്‍മിച്ചത്. 1000 ചതുരശ്രയടി വിസ്തീർണ്ണമുള്ള മനോഹരമായ വീടാണ് മിഥുന്റെ മാതാപിതാക്കൾക്കായി നിർമ്മിച്ചത്. ചടങ്ങിൽ സംസാരിക്കവേ, കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ സർക്കാർ നടപ്പിലാക്കുന്ന പുതിയ പദ്ധതികളെക്കുറിച്ച് മന്ത്രി വി. ശിവൻകുട്ടി വിശദീകരിച്ചു.

10 മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക് മെഡിക്കൽ ഇൻഷുറൻസ് പരിരക്ഷ കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. 43 ലക്ഷം വിദ്യാർത്ഥികളിൽ നിന്നും പണം ഈടാക്കാതെയാണ് സർക്കാർ ഈ സുരക്ഷ ഉറപ്പാക്കുന്നത്. മാരകമായ പരിക്കുകൾക്ക് 3 ലക്ഷം രൂപ വരെയും ഒപി ചികിത്സയ്ക്ക് 20,000 രൂപ വരെയും സഹായം ലഭിക്കും. അടുത്ത അധ്യയന വർഷം മുതൽ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തിൽ മാറ്റം വരുത്താതെ സിലബസ് 25 ശതമാനം കുറയ്ക്കാൻ കരിക്കുലം കമ്മിറ്റി തീരുമാനിച്ചതായി മന്ത്രി അറിയിച്ചു. 11-ാം ക്ലാസിലെ പാഠപുസ്തകങ്ങൾ മൂന്നാഴ്ചയ്ക്കുള്ളിൽ വിതരണത്തിന് തയ്യാറാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂൾ തലം മുതൽ കോളേജ് തലം വരെ സൗജന്യ വിദ്യാഭ്യാസം നൽകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറാൻ ഒരുങ്ങുകയാണെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അധ്യക്ഷനായ ചടങ്ങിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു.