വാതിലുകൾ തക‍ർത്ത് സമീപത്തുള്ള തോട്ടിലെറിഞ്ഞെന്നും ജനലുകൾ അടിച്ച് തകർത്തെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

കോട്ടയം: കോട്ടയം കുമരകത്ത് വീടിന് നേരെ മിന്നൽ മുരളി ഒർജിനൽ എന്നെഴുതി വച്ച് ആക്രമണമെന്ന വാർത്ത ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ് പുറത്തുവന്നത്. പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയുടെ വീടിന് നേരെയായിരുന്നു പുതുവർഷ രാത്രിയിൽ സാമൂഹ്യ വിരുദ്ധരുടെ ആക്രമണം നടന്നത്. വാതിലുകൾ തക‍ർത്ത് സമീപത്തുള്ള തോട്ടിലെറിഞ്ഞെന്നും ജനലുകൾ അടിച്ച് തകർത്തെന്നും ഷാജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ആക്രമണം നടത്തിയ സാമൂഹ്യ വിരുദ്ധരുടെ വണ്ടി നമ്പരൊക്കെ കിട്ടിയെന്നും മൊത്തം ഒന്നര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്നും അദ്ദേഹം വിവരിച്ചു.

സംഭവത്തെക്കുറിച്ച് ഷാജിക്ക് പറയാനുള്ളത്

അപ്പുച്ചായൻ എന്ന് വിളിക്കുന്ന ആളാണ് സംഭവം എന്നെ വിളിച്ച് അറിയിച്ചത്. കുമരകം പൊലീസ് സ്റ്റേഷനിൽ അറിയിച്ചിട്ട് വരണമെന്ന് പറഞ്ഞു. അങ്ങനെ ഞാൻ സ്റ്റേഷനിൽ പരാതി പറഞ്ഞ ശേഷമാണ് ഇവിടെയെത്തിയത്. സ്ഥലത്ത് കുറേ ബിയർ കുപ്പികളുണ്ടായിരുന്നു. അവിടെ വന്നിരുന്ന് മദ്യപിക്കാറുള്ളവരുടെ വണ്ടി നമ്പറൊക്കെ കൈവശമുണ്ടെന്ന് അപ്പുച്ചായൻ പറഞ്ഞു. പുതുവത്സരാഘോഷത്തിന്‍റെ ഭാഗമായാകും ഇത്രയും സാമൂഹ്യവിരുദ്ധ പ്രവൃത്തി അവർ ചെയ്തത്. വലിയ തോതിലുള്ള നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ജനൽ ചില്ലുകൾ അടിച്ചുപൊട്ടിച്ചിട്ടുണ്ട്. വാതിലുകളിലും ആക്രമണം നടത്തിയിരിക്കുന്നു. ബാത്ത്റൂമിലെ വാതിൽ തകർത്ത് തോട്ടിലെറിഞ്ഞിരിക്കുന്നു. ഒന്നര ലക്ഷത്തോളം നഷ്ടമാണ് സംഭവിച്ചിരിക്കുന്നത്. നാട്ടുകാർക്ക് സഹായം ചെയ്യാറുള്ള ആളാണ് ഞാൻ. ആദ്യമായാണ് ഇങ്ങനെയൊരു ആക്രമണമുണ്ടായത്. എന്താണ് സംഭവിച്ചതെന്ന് സത്യത്തിൽ മനസിലാകുന്നില്ല.

YouTube video player