രക്ഷപ്പെട്ട് പോകുന്നതിനിടെ പാൽക്കാരനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി
തിരുവനന്തപുരം: മാറനല്ലൂരിൽ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം രക്ഷപ്പെട്ട് പോകുന്നതിനിടെ പാൽക്കാരനെ കാറിടിച്ച് തെറിപ്പിച്ച സംഭവത്തിൽ പ്രതികളെ പൊലീസ് പിടികൂടി. നിരവധി കവർച്ച, തട്ടിപ്പ് കേസുകളിൽ പ്രതികളായ നേമം പൊന്നുമംഗലം സ്വദേശി ബാറ്ററി നവാസ് എന്നറിയപ്പെടുന്ന നവാസ് (53), സുഹൃത്ത് പ്രവീൺ എന്നിവരാണ് അറസ്റ്റിലായത്. അപകടത്തിൽ രണ്ട് കാലുകളിലും എല്ലുകൾക്ക് പൊട്ടലുണ്ടായതിനെ തുടർന്ന് പാൽക്കാരൻ മുരുകൻ മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസം രാവിലെ സ്ത്രീയോട് അപമര്യാദയായി പെരുമാറിയ ശേഷം നവാസ് അതിവേഗത്തിൽ കാർ ഓടിച്ചു വരുന്നതിനിടെയാണ് മുരുകന്‍റെ വാഹനത്തിൽ ഇടിക്കുന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചുവീണ മുരുകനെ നാട്ടുകാർ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. അപകടത്തിന്‍റെ ആഘാതത്തിൽ കാറിന്‍റെ ടയർ ഊരി തെറിച്ചു. ഇതോടെ നവാസിന്‍റെ കാറിനെ ബൈക്കുകളിൽ പിന്തുടർന്നെത്തിയ ഒരുകൂട്ടം സമീപവാസികളായ യുവാക്കൾ മർദ്ദിക്കുന്ന ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു.
നവാസിന് പിന്നാലെ മത്സരയോട്ടം നടത്തിയെത്തിയ കാറിലാണ് പ്രവീൺ ഉണ്ടായിരുന്നത്. സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിനും വാഹനാപകടം ഉണ്ടാക്കിയതിനും ചേർത്താണ് രണ്ട് പേർക്കുമെതിരെ കേസെടുത്തിരിക്കുന്നതെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു. ഇരുവരെയും റിമാൻഡ് ചെയ്തു.
