ഹിന്ദിയാണ് ഇയാൾ സംസാരിച്ചിരുന്നതെങ്കിലും സ്വദേശം എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല...

കോഴിക്കോട്: സാമൂഹ്യനീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്ന് ഹോം ഫോർ ദി മെന്‍റലി ഡെഫിഷ്യന്‍റ് ചിൽഡ്രൻ എന്ന സ്ഥാപനത്തിൽ കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റി മുഖേന കഴിഞ്ഞ ഒക്ടോബർ 29നാണ് സാവൻ സെബാദ് ഹുസൈൻ എന്ന് വിളിപ്പേരുള്ള ഷഹബാജ് ഹുസൈനെ പ്രവേശിപ്പിച്ചത്.

ഹിന്ദി ആണ് ഇയാൾ സംസാരിച്ചിരുന്നതെങ്കിലും സ്വദേശം എവിടെയാണെന്ന് കണ്ടെത്താനായിരുന്നില്ല. സാമൂഹ്യ പ്രവർത്തകനും കേന്ദ്ര ആഭ്യന്തരവകുപ്പ് റിട്ടേർഡ് ഉദ്യോഗസ്ഥനുമായ ശിവൻ കോടുളി നിരന്തരം സംസാരിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ബോർഡറിലാണ് സ്വദേശം എന്ന മനസിലായി.

ഇതേ തുടർന്ന് വെസ്റ്റ് ബംഗാളിലും ബംഗ്ലാദേശിലും ഉള്ള അധികൃതരുമായി സംസാരിച്ച് സ്ഥലം ജാർഖണ്ഡ് ആണെന്ന് കണ്ടെത്തി. പിന്നീട് പൊലീസ് സ്റ്റേഷൻ മുഖേന കുട്ടിയുടെ ബന്ധുക്കളെ കണ്ടെത്തുകയായിരുന്നു. പത്തു മാസത്തോളമായി കാണാതായ കുട്ടിയെ കണ്ടെത്താൻ സഹായിച്ചവർക്ക് ബന്ധുക്കൾ നന്ദി അറിയിച്ചു.

പിതാവ് ഖമറുൽ ഹുസൈൻ, സഹോദരപുത്രൻ മെഹബൂബ ആലം എന്നിവരാണ് കുട്ടിയെ കൊണ്ടുപോകാൻ എത്തിയത്. എച്ച്എംഡിസി സൂപ്രണ്ട് സിദ്ദിഖ് ചൂണ്ടക്കാടൻ, ശിവൻ കോട്ടൂളി, സ്ഥാപനത്തിലെ ജീവനക്കാർ എന്നിവർ ചേർന്ന് ഷഹബാജിന് യാത്രയയപ്പ് നൽകി. മകനെ തിരിച്ചുകിട്ടിയതിൽ സ്ഥാപനത്തിലെ ജീവനക്കാരോടും താമസക്കാരോടും നന്ദിയും സന്തോഷവും അറിയിച്ചാണ് ഇവർ നാട്ടിലേക്ക് മടങ്ങിയത്.