വിഴിഞ്ഞം: മത്സ്യബന്ധനത്തിനിടെ വള്ളം തകര്‍ന്ന് കടലില്‍ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ 18ന് കടലില്‍ കാണാതായ മൂന്നംഗ സംഘത്തിലെ അംഗം കൊല്ലങ്കോട് നീരോടി സ്വദേശി ലൂര്‍ദ് രാജിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. വലയതുറയില്‍ നിന്നും പോയ മത്സ്യത്തൊഴിലാളി തെരച്ചില്‍ സംഘമാണ് മൃതദേഹം കണ്ടെത്തിയത്.

കാണാതായ മൂന്നുപേരില്‍ ഒരാളുടെ മൃതദേഹം കഴിഞ്ഞ ദിവസം അഞ്ചുതെങ്ങ് ഭാഗത്ത് നിന്നും കണ്ടെത്തിയിരുന്നു. ഇനി ഒരാളെക്കൂടി കണ്ടെത്താനുണ്ട്. നീണ്ടകരയില്‍ നിന്ന് പോയ അഞ്ചംഗ സംഘമുള്‍പ്പെട്ട വള്ളം കടല്‍ക്ഷോഭത്തില്‍ തകര്‍ന്നാണ് അപകടമുണ്ടായത്. രണ്ട് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്.