തിരുവനന്തപുരം: തിരുവനന്തപുരം കുണ്ടമൺക്കടവിൽ ആറ്റിൽ ചാടിയ ഫുഡ് ഇൻസ്പെക്ടറുടെ മൃതദേഹം കണ്ടെത്തി. ഹെൽത്ത് ഡയറക്ട്രേറ്റിലെ ജീവനക്കാരനായ പേയാട് സ്വദേശി കൃഷ്ണകുമാറിന്‍റെ (54) മൃതദേഹം മങ്കാട്ട്ക്കടവ് ഭാഗത്ത് നിന്നാണ് കിട്ടിയത്. ഇന്നലെയാണ് ഇദ്ദേഹത്തെ കാണാതായത്. 

ഇദ്ദേഹത്തോടൊപ്പം ജോലി നോക്കിയിരുന്ന ആളുടെ പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇദ്ദേഹം നിരീക്ഷണത്തിലായിരുന്നു. ഇതിൽ ഇദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായാണ് വിവരം. ഇന്നലെ പുലർച്ചെ ഒന്നര മണിയോടെ വീട്ടിൽ നിന്ന് കാണാതായ ഇദ്ദേഹത്തിന്റെ ചെരുപ്പ് കുണ്ടമൺകടവിൽ നിന്ന് കണ്ടെത്തുകയായിരുന്നു.ഇതോടെ കൃഷ്ണകുമാര്‍ ആറ്റിൽ ചാടിയിരിക്കാം എന്ന നിഗമനത്തിൽ വീട്ടുകാർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റേത് എന്ന് സംശയിക്കുന്ന കുറിപ്പും വീട്ടിൽ നിന്ന് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ആറ്റിൽ തെരച്ചിൽ തുടങ്ങുകയായിരുന്നു. 

സഹപ്രവര്‍ത്തകന്‍റെ പിതാവിന് കഴിഞ്ഞ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിലെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ള ആളുമായി ഇടപെടൽ ഉണ്ടായിരുന്നതും തനിക്കുണ്ടായിരുന്ന ആരോഗ്യ പ്രശ്നങ്ങള്‍ കൊവിഡ് ആണോ എന്ന ആശങ്കയും കൃഷ്ണകുമാറിന് ഉണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കത്തിലെ പരാമര്‍ശങ്ങളെന്നാണ് പൊലീസ് വിശദമാക്കുന്നത്. തിരുവനന്തപുരം ഹെൽത്ത് ഡയറക്റ്ററേറ്റിൽ  ഫുഡ് ഇൻസ്‌പെക്ടർ ആണ് കാണാതായ കൃഷ്ണകുമാർ. ഭാര്യ പ്രീത  സർക്കാർ പ്രെസ്സിൽ ജീവനക്കാരിയാണ്. മക്കൾ ഗോകുൽ, ഗോവിന്ദ്.