പേയാട് സ്വദേശിനിയായ കെഎസ് ഷാജിയുടെ മൃതദേഹം കരമനയാറ്റിൽ കണ്ടെത്തി. പൊലീസ് അന്വേഷണം ആരംഭിച്ചു.

തിരുവനന്തപുരം : കാണാതായ വീട്ടമ്മയുടെ മൃതദേഹം കരമനയാറ്റിൽ നിന്നും കണ്ടെത്തി. പേയാട് ചീലപ്പാറ സ്വദേശിനിയായ കെഎസ് ഷാജി(54)യുടെ മൃതദേഹമാണ് പേയാട് അരുവിപ്പുറം കരമനയാറ്റിൽ നിന്ന് രാവിലെ എട്ട് മണിയോടെ കണ്ടെത്തിയത്.ഇന്നലെ ഉച്ചയ്ക്ക് ശേഷം ഇവരെ കാണ്മാനില്ലായിരുന്നു.

വിളപ്പിൽശാല പൊലീസ് ഇവരുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെഴ്‌സും മൊബൈലും ചെരിപ്പും അരുവിപ്പുറം കുളിക്കടവ് വട്ടത്തിനുസമീപം കരമനയാറിന്‍റെ കരയിൽ കണ്ടെത്തിയിരുന്നു. കാട്ടാക്കട ഫയർഫോഴ്സും സ്കൂബ സംഘവും ചേർന്ന് നടത്തിയ തിരച്ചിലിൽ ആറ്റിലെ മുളകളുടെ ഇടയിൽ മൃതദേഹം കുരുങ്ങിയ നിലയിലായിരുന്നു.

മൃതദേഹം പൊലീസ് ഇൻക്വസ്റ്റ് നടത്തി മെഡിക്കൽകോളെജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മാറനല്ലൂർ പൊതുശ്മശാനത്തിൽ സംസ്കരിച്ചു.ഭർത്താവിന്‍റെ മരണ ശേഷം ഇവർ മാനസിക പ്രയാസത്തിലായിരുന്നെന്ന് സമീപവാസികൾ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.