തിരുവനന്തപുരം: ദിവസങ്ങൾക്ക് മുമ്പ് കാര്യവട്ടം ക്യാമ്പസിനുള്ളില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം കോളേജ് ഓഫ് എന്‍ജിനീയറിങിലെ എംടെക് രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ശ്യാന്‍ പത്മനാഭന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാര്യവട്ടം സർവകലാശാലാ ക്യാമ്പസിനുള്ളിലെ കാട്ടിനുളളില്‍ ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. ആത്മഹത്യയാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

ദുര്‍ഗന്ധത്തെ തുടര്‍ന്ന് യൂണിവേഴ്സിറ്റി ജീവനക്കാര്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹം പുഴുവരിച്ച നിലയിലായിരുന്നു. മൃതദേഹത്തിന് സമീപത്തുനിന്ന് ലഭിച്ച ബാഗില്‍ നിന്ന് ഐഡി കാര്‍ഡും പുസ്തകങ്ങളും മൊബൈല്‍ ഫോണും ലഭിച്ചു. ഇതില്‍നിന്നാണ് മൃതദേഹം ശ്യാനിന്‍റേതാണെന്ന് സ്ഥിരീകരിച്ചത്. കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് ശ്യാൻ പത്മനാഭനെ കാണാതായത്.