ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ  പൊന്തു വള്ളക്കാർക്കാണ് ഹരീഷിന്‍റെ മൃതദേഹം ലഭിച്ചത്. അറവുകാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഹരീഷ്.

പുന്നപ്ര: ആലപ്പുഴയില്‍ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര തെക്ക് പഞ്ചായത്ത് ചള്ളി പുതുവൽ ജിതേഷ് ശ്രീദേവി ദമ്പതികളുടെ മകൻ ഹരീഷാ (16)ണ് മരിച്ചത്. ഇന്നലെ രാവിലെ സുഹൃത്തുക്കൾക്കൊപ്പം വീടിന് സമീപമുള്ള കടലിൽ കുളിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.

ഇന്നലെ കോസ്റ്റ്ഗാര്‍ഡിന്‍റെയും ഫയര്‍ഫോഴ്സിന്‍റെയും നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. ഇന്ന് രാവിലെ മത്സ്യബന്ധനത്തിന് പോയ പൊന്തു വള്ളക്കാർക്കാണ് ഹരീഷിന്‍റെ മൃതദേഹം ലഭിച്ചത്. അറവുകാട് സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് ഹരീഷ്. മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റമാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നെയ്യാറില്‍ നീന്താനിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചിരുന്നു. നെയ്യാറ്റിന്‍കരയ്ക്ക് സമീപം ഓലത്താന്നി പാതിരിശ്ശേരി കടവിൽ, സുഹൃത്തുക്കളുടെ വാക്ക് കേൾക്കാതെ നീന്താനിറങ്ങിയ യുവാവിനെയും, ഇയാളെ രക്ഷിക്കാനിറങ്ങിയ യുവാവിനെയും കാണാതാവുകയായിരുന്നു. ഇതിൽ ഓലത്താന്നി മേലെതാഴംകാട് റോഡരികത്ത് വീട്ടിൽ എസ് കൃഷ്ണൻകുട്ടിയുടെ മകൻ വിപിന്‍റെ (33) മൃതദേഹം സ്കൂബാ സംഘവും, നെയ്യാറ്റിൻകര ഫയർ ഫോഴ്സും ചേർന്ന് നടത്തിയ തെരച്ചിലിൽ ഇന്നലെ വൈകീട്ടോടെ കണ്ടെത്തി. കടവില്‍ നിന്നും നൂറ് മീറ്ററോളം മാറിയാണ് വിപിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ആഴാംകുളം സ്വദേശി ശ്യാമിനായുളള (34) തെരച്ചിൽ രാത്രി വൈകിയും തുടർന്നെങ്കിലും കണ്ടെത്താനായില്ല. ശക്തമായ അടിയൊഴുക്കും മഴയും കാരണം ഇന്നലെ വൈകീട്ടോടെ തിരച്ചില്‍ നിര്‍ത്തേണ്ടിവന്നു. ഇന്ന് തെരച്ചിൽ തുടരുമെന്ന് ഫയർഫോഴ്സ് സംഘം അറിയിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെയാണ് സംഭവം. ഓലത്താന്നിയിൽ ടം വീലർ വർക്ക് ഷോപ്പ് നടത്തുന്ന വിപിന്‍റെ വർക്ക് ഷോപ്പിൽ വണ്ടി നന്നാക്കുന്ന വിഷയം സംസാരിക്കാൻ വിപിന്‍റെ വീട്ടിലെത്തിയ സുഹൃത്തുക്കളായ ശ്യാം, നന്ദു, സുമൻ എന്നിവരോടൊപ്പമാണ് വിപിൻ നെയ്യാറിലെ കടവിലേയ്ക്ക് പോയത്. 

Read More : ദളിത് യുവാവ് യുപിയിലെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ;കൊലപാതകമെന്ന് കുടുംബം