ഇയാളിൽ നിന്ന് വിവരങ്ങൾ തേടിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജിതപ്പെടുത്തിയത്. പൊലീസിനെ കണ്ട ഉടനെ രണ്ട് കുട്ടികൾ എസ്റ്റേറ്റിനുള്ളിലേക്ക് കയറി ഓടിയിരുന്നു.
മാനന്തവാടി: താമരശ്ശേരിയിൽ നിന്ന് കാണാതായ മൂന്നു കുട്ടികളെയും വയനാട്ടിൽ നിന്ന് കണ്ടെത്തി. ഒരു കുട്ടിയെ വൈകിട്ടോടെയും രണ്ടു കുട്ടികളെ രാത്രിയോടെയും ആണ് കണ്ടെത്താനായത്. കുട്ടികൾ മേപ്പാടി വടുവഞ്ചാലിലെ എസ്റ്റേറ്റ് മേഖലയിൽ ടെന്റടിച്ച് താമസിക്കുകയായിരുന്നു. നാട്ടുകാർ ഒരു കുട്ടിയെ കണ്ടെത്തിയതോടെ മറ്റു രണ്ടു കുട്ടികൾ എസ്റ്റേറ്റിന് അകത്തേക്ക് ഓടി രക്ഷപ്പെട്ടു. രാത്രി 11 മണി വരെ ഇവർക്കായുള്ള തെരച്ചിൽ നീണ്ടു. ഒടുവിൽ സ്കൂട്ടറിൽ മേപ്പാടിയിലേക്ക് പോകുന്നത് കണ്ട നാട്ടുകാർ സഹപാഠികളായ ആൺകുട്ടിയെയും പെൺകുട്ടിയെയും തടഞ്ഞു വയ്ക്കുകയായിരുന്നു. കുട്ടികളെ മൂന്നു പേരെയും മാതാപിതാക്കളോടൊപ്പം താമരശ്ശേരി പോലീസിന് കൈമാറി. നാട്ടുകാരും പോലീസും വനംവകുപ്പും സംയുക്തമായാണ് തെരച്ചിൽ നടത്തിയത്. വന്യമൃഗ സാന്നിധ്യമുള്ള പ്രദേശത്ത് കുട്ടികളെ കാണാതായത് ആശങ്ക ഉണ്ടാക്കിയിരുന്നു.

