കൊച്ചി പോർട്ട് ട്രസ്റ്റ് ആക്രിയെന്ന് കരുതി ലേലം ചെയ്ത 105 വർഷം പഴക്കമുള്ള എംഎൽ വാസ്കോ ബോട്ടിന് പുതുജീവൻ. ആധുനിക കൊച്ചിയുടെ ശിൽപി റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ചിരുന്ന ബോട്ടിന്റെ, ചരിത്രമൂല്യം തിരിച്ചറിഞ്ഞത് ഒരു സ്ക്രാപ് ഡീലർ. 

മ്മൾ ഉപയോഗശൂന്യമെന്ന് കരുതി ഉപേക്ഷിക്കുന്ന സാധനങ്ങളുടെ മൂല്യം മറ്റുള്ളവരാകും ചിലപ്പോൾ തിരിച്ചറിയുന്നത്. കൊച്ചി പോർട്ട് ട്രസ്റ്റ്, ആക്രിയെന്ന് കരുതി ലേലം ചെയ്ത 105 വർഷം പഴക്കമുള്ള എംഎൽ വാസ്കോ എന്ന ബോട്ടിന്‍റെ മൂല്യം തിരിച്ചറിഞ്ഞത് ഒരു സ്ക്രാപ് ഡീലറാണ്. ആധുനിക കൊച്ചിയുടെ ശിൽപിയായി പരിഗണിക്കപ്പെടുന്ന റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ച ബോട്ടായിരുന്നു എംഎൽ വാസ്കോ. ലേലത്തിനെടുത്ത ബോട്ടിന്‍റെ അറ്റകുറ്റപ്പണികൾ ഇപ്പോൾ ഏറെക്കുറെ പൂർത്തിയായിരിക്കുകയാണപ്പോൾ.

105 വർഷം പഴക്കമുള്ള ബോട്ടിനെ കൊച്ചിയെ അറിയാനെത്തുന്നവർക്ക് മുന്നിൽ പ്രദർശിപ്പിക്കാനാണ് സിതാര ഗ്രൂപ്പിന്‍റെ തീരുമാനം. 1921 ലാണ് എംഎൽ വാസ്കോ എന്ന ബോട്ട് പുറത്തിറങ്ങിയത്. 2010ൽ കൊച്ചി പോർട്ട് ട്രസ്റ്റ് ലേലം ചെയ്ത ബോട്ട് അന്ന് ലേലം പിടിച്ചത് അബി സിത്താരയും ഷാജി സിത്താരയുമായിരുന്നു. ഇഷ്ടം പോലെ ബോട്ടുകൾ പൊളിക്കാനായി എടുക്കുന്ന കൂട്ടത്തിലാണ് ഈ ബോട്ടും എടുത്തിരുന്നത്. രണ്ട് ലക്ഷം രൂപയ്ക്ക് പൊളിക്കാൻ എടുക്കുമ്പോൾ ഷാജർ സിതാര അതിന് പിന്നിലെ ചരിത്രം അറിഞ്ഞിരുന്നില്ല. പക്ഷേ, പിന്നീടാണ് റോബർട്ട് ബ്രിസ്റ്റോ ഉപയോഗിച്ച ബോട്ടാണെന്ന് അറിഞ്ഞത്. 

അത് മനസിലാക്കിയപ്പോൾ, ബോട്ടിനെ സംരക്ഷിക്കാൻ തീരുമാനിച്ചു. അങ്ങനെ റോബർട്ട് ബ്രിസ്റ്റോയുടെ ബോട്ടിന് പുതുജീവൻ ലഭിച്ചു. കൊച്ചിയുടെ ശിൽപി ഉപയോഗിച്ച ബോട്ട് മുഖം മിനുക്കിയെടുത്ത് പ്രദർശനത്തിന് വെക്കാനാണ് തീരുമാനം. കൊച്ചിൻ സാഗ എന്ന ബുക്കിൽ ഈ ബോട്ടിനെ പരാമർശിച്ചിരുന്നു. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള എം എൽ വാസ്‌കോ ബോട്ട് ഇനി ചരിത്ര സ്മാരകം. എം എൽ വാസ്കോ ഇനി കൊച്ചിയുടെ ചരിത്രം പറയും.

YouTube video player