തൃശൂര്‍: ഒടുവില്‍ സജീഷിനെ സര്‍വരും ചേര്‍ന്ന് സഹായിച്ചിരിക്കുകയാണ്. എംഎല്‍എയും ജില്ല കളക്ടറും മുന്‍കൈ എടുത്ത് നടത്തിയ നീക്കങ്ങളുടെ ഫലമായി അച്ഛന്റെ അന്ത്യായാത്രയ്ക്ക് സജീഷ് നാട്ടിലേക്ക്. ഇന്ന് രാത്രി നെടുമ്പാശേരിയില്‍ വിമാനമിറങ്ങുന്ന സജീഷ് നേരെ കൊടുങ്ങല്ലൂര്‍ എടവിലങ്ങിലെ വീട്ടിലെത്തും.

ജയിലിന് സമാനമായ സജീഷിന്റെ പ്രവാസ ജീവിതം കഴിഞ്ഞ ദിവസമാണ് വാർത്തയായത്. ദുബായില്‍ സൂപ്പര്‍മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്ന സജീഷ് വിസ കാലാവധി അവസാനിച്ചതിനാലും പാസ്പോര്‍ട്ട് തൊഴിലുടമയുടെ കൈവശമായതിനാലും താമസസ്ഥലത്ത് നിന്ന് പുറത്തിറങ്ങാനാവാതെ കഴിയുകയായിരുന്നു. ഇദ്ദേഹത്തിന്റെ ഫോണ്‍ ബന്ധങ്ങളും വിച്ഛേദിക്കപ്പെട്ടിരുന്നു. ദുബായ് സര്‍ക്കാരില്‍ വൻതുക പിഴ അടച്ചശേഷം മാത്രം നാട്ടിലെത്താനാവുന്ന സ്ഥിതിയായിരുന്നു. 

തിങ്കളാഴ്ച്ച രാവിലെയാണ് സനീഷിന്റെ പിതാവ് സദാനന്ദന്‍ മരണപ്പെട്ടത്. വിവരം അറിഞ്ഞ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ നോര്‍ക്ക റൂട്‌സ് സിഇഒയെ വിവരം അറിയിച്ചു. ജില്ലാ കളക്ടര്‍ എസ് ഷാനവാസ് സജീഷിന്റെ സുഹൃത്തുക്കളായ പ്രയേഷ്, വിപിന്‍ എന്നിവരുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ ശേഖരിച്ചു. തുടര്‍ന്ന് തൊഴിലുടമയായ ഗുജറാത്ത് സ്വദേശി ഭവേഷ് രവീന്ദ്ര ഗോയലുമായി സംസാരിക്കുകയും സജീഷിനെ നാട്ടിലെത്തിക്കാനുള്ള നടപടികളെടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഭവേഷ് രവീന്ദ്ര തന്റെ സജീഷിന് നാട്ടിലെത്താനായി ടിക്കറ്റ് എടുത്തുനൽകി. 

സദാനന്ദന്റെ മൃതദേഹം സജീഷിന്റെ സാന്നിധ്യത്തില്‍ ചൊവ്വാഴ്ച്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.