കഴിഞ്ഞ രണ്ട് മാസമായി കോന്നി നാരായണപുരം മാർക്കറ്റിലെ അവസ്ഥ ദാരുണമാണ്. മൂക്ക് പൊത്താതെ ആളുകൾക്ക് അകത്തേക്ക് കടക്കാൻ കഴിയില്ല.

പത്തനംതിട്ട: കോന്നി മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാത്തതിന് പഞ്ചായത്ത് സെക്രട്ടറിയോട് രോക്ഷാകുലാനായി എംഎൽഎ കെ യു ജനീഷ്കുമാർ. മന്ത്രി പങ്കെടുത്ത യോഗത്തിൽ പഞ്ചായത്ത് സെക്രട്ടറി തെറ്റിധരിപ്പിച്ചെന്നാണ് എംഎൽയുടെ ആരോപണം. മാലിന്യ കൂമ്പാരംകൊണ്ട് മാർക്കറ്റിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശിക്കാൻ കഴിയുന്നില്ല.

കഴിഞ്ഞ രണ്ട് മാസമായി കോന്നി നാരായണപുരം മാർക്കറ്റിലെ അവസ്ഥ ദാരുണമാണ്. മൂക്ക് പൊത്താതെ ആളുകൾക്ക് അകത്തേക്ക് കടക്കാൻ കഴിയില്ല. മാർക്കറ്റിനുള്ളിലെയും പുറത്തേയും മാല്യന്യങ്ങൾ കൂട്ടിയിട്ടിരിക്കുകയാണ്. രണ്ടാഴ്ച മുമ്പ് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും അടങ്ങുന്ന താലൂക്ക് വികസന സമിതി യോഗത്തിൽ മുഴുവൻ മാലിന്യവും നീക്കം ചെയ്യാൻ തീരുമാനമെടുത്തിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വിളിച്ചു ചേർത്ത മഴക്കാല ശുചീകരണ യോഗത്തിൽ വിഷയം വീണ്ടും ചർച്ചായി. 

മാർക്കറ്റിലെ മുഴുവൻ മാലിന്യവും നീക്കം ചെയ്തെന്നാണ് കോന്നി പഞ്ചായത്ത് സെക്രട്ടറി ജയപാലൻ യോഗത്തെ അറിച്ചത്. എന്നാൽ യോഗത്തിന് ശേഷം എംഎൽഎ കെ യു ജനീഷ്കുമാർ മാർക്കറ്റിൽ പരിശോധനക്കെത്തി. സെക്രട്ടറി യോഗത്തിൽ പറഞ്ഞതിന് വിപരീതമായിരുന്നു മാർക്കറ്റിലെ കാഴ്ച. ഇതാണ് എംഎൽഎയെ പ്രകോപിപ്പിച്ചത്

പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുമായാണ് എംഎൽഎ പരിശോധനക്കെത്തിയത്. സർക്കാർ യോഗത്തെ തെറ്റിധരിപ്പിച്ചതിന് പഞ്ചായത്ത് സെക്രട്ടറിക്കെതിരെ നടപടി ആവശ്യപ്പെടാനൊരുങ്ങുകയാണ് ജനീഷ്കുമാർ. കോന്നിയിൽ ഡെങ്കിപ്പനി അടക്കം പടരുന്ന സാഹചര്യത്തിലാണ് മുഴുവൻ തദ്ദേശ സ്ഥാപനങ്ങളോടും അതിവേഗത്തിൽ മാലിന്യ നിർമ്മാർജനം നടത്താൻ താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടത്.