രണ്ടാഴ്ച മുമ്പാണ് വട്ടിയൂർക്കാവിനു സമീപം, സെന്റ് ഫ്രാൻസിസ് ചർച്ചിനടുത്തുള്ള മരുതം ഫ്ലാറ്റിനു മുന്നിലെ റോഡിനു കുറുകെ വലിച്ചിരുന്ന ഒരു ടെലിഫോൺ ലൈനും തകർത്തിട്ടുകൊണ്ട് ഐഎസ്ആർഓയുടെ ഭീമൻ വാഹനം കടന്നുപോയത്. അധികം താമസിയാതെ സ്ഥലത്തെത്തിയ ബിഎസ്എൻഎൽകാർ മറിഞ്ഞു വീണ പോസ്റ്റിനുപകരം പുതിയ പോസ്റ്റ് സ്ഥാപിച്ചു, പൊട്ടിയ ലൈനിനു പകരം പുതിയ ലൈനും വലിച്ചു.  

എന്നാൽ വണ്ടി തട്ടി റോഡിലേക്ക് ചെരിഞ്ഞ ആ പോസ്റ്റ് മാത്രം അവർ നീക്കിയില്ല. ദിവസവും നിരവധി സർക്കാർ വാഹനങ്ങൾ ആ വഴി പോയെങ്കിലും ആരും ഒന്നും ചെയ്തില്ല. ഈ അപകടകരമായ സാഹചര്യം കണ്ടപ്പോൾ ഫ്ളാറ്റിലെ ഒരു താമസക്കാരനാണ് എംഎൽഎയെയും കൗണ്സിലറെയും ഒക്കെ ടാഗ് ചെയ്തുകൊണ്ട് ഒരു ഫേസ് ബുക്ക് പോസ്റ്റ് വഴി ഈ ഗുരുതര സാഹചര്യത്തിലേക്ക് ശ്രദ്ധ ക്ഷണിച്ചത്. 

പോസ്റ്റിനോട് പ്രതികരിച്ച വികെ പ്രശാന്ത് എംഎൽഎ നേരിട്ട് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ തന്നെ അപകടാവസ്ഥയിൽ നിന്നിരുന്ന ആ പഴയ പോസ്റ്റ് പിഴുതുമാറ്റുകയായിരുന്നു. അതുവഴി റോഡിലൂടെ കടന്നു പോയിരുന്ന ബസ്സുകളിൽ നിന്ന് അരമീറ്റർ മാത്രമാണ് ഈ പോസ്റ്റിനുണ്ടായിരുന്ന അകലം എന്നതുകൊണ്ടുതന്നെ ഏതുനിമിഷവും വലിയ ഒരു അപകടത്തിനുള്ള സാധ്യത അവിടെ നിലനിന്നിരുന്നു. ഈ ഒരു അപകടമാണ് എംഎൽഎയുടെ സമയോചിതമായ ഇടപെടൽ കൊണ്ട് ഒഴിവായിരിക്കുന്നത്.  എംഎൽഎയുടെ ഈ പ്രവൃത്തിയുടെ വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാവുകയാണ്.