കല്‍പ്പറ്റ: തമിഴ്‌നാട്ടില്‍ പോയി വന്ന നൂല്‍പ്പുഴ പഞ്ചായത്ത് പരിധിയിലുള്ള ലോറി ഡ്രൈവര്‍ക്ക് കൊവിഡ്19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സുല്‍ത്താബത്തേരി നഗരത്തിലെ ഹോട്ടലും മൊബൈല്‍ ഷോപ്പും ആരോഗ്യവകുപ്പ് അടപ്പിച്ചു. 25കാരനായ രോഗി എത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇരു സ്ഥാപനങ്ങളും അടപ്പിച്ചത്. 

കോയമ്പത്തൂരില്‍ നിന്ന് കുറ്റ്യാടിയിലേക്കുള്ള കാലിത്തീറ്റയുമായി കഴിഞ്ഞ രണ്ടിനാണ് ഇദ്ദേഹം കേരളത്തിലേക്ക് പ്രവേശിച്ചത്. ഉച്ചക്ക് രണ്ട് മണിയോടെ കുറ്റ്യാടിയിലെത്തി ലോഡിറക്കി. വൈകുന്നേരം ഏഴ്മണിക്ക് സുല്‍ത്താന്‍ബത്തേരി ടൗണിലെത്തി. തുടര്‍ന്ന് നഗരമധ്യത്തില്‍ തന്നെയുള്ള ജൂബിലി ഹോട്ടലിലെത്തി ഭക്ഷണം പാര്‍സല്‍ വാങ്ങി. ലോറിയിലിരുന്ന് കഴിച്ചതിന് ശേഷം മത്സ്യമാംസ മാര്‍ക്കറ്റിന് എതിര്‍വശമുള്ള ഇമേജ് മൊബൈല്‍ഷോപ്പില്‍ പോയി ഫോണ്‍ തകരാര്‍ പരിഹരിച്ചു. ഇതിന് ശേഷം വീട്ടിലെത്തി കാറുമായി ക്വാറന്റൈന്‍ കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു. 

പത്തിലധികം പേര്‍ക്ക് ഇദ്ദേഹത്തില്‍ നിന്ന് പ്രാഥമിക സമ്പര്‍ക്കമുണ്ടായതായാണ് ആരോഗ്യവകുപ്പ് കരുതുന്നത്. ഇന്ന് ഇയാള്‍ക്ക് രോഗം സ്ഥിരീകരിച്ച ഉടനെ തന്നെ സമ്പര്‍ക്ക ഇടങ്ങളില്‍ അധികൃതര്‍ താല്‍ക്കാലിക നിയന്ത്രണം ഏര്‍പ്പെടുത്തുകയായിരുന്നു. അതേ സമയം നഗരത്തില്‍ പല സ്ഥാപനങ്ങളിലും  സാമൂഹിക അകലം പാലിക്കുന്നില്ലെന്ന വസ്തുത അധികൃതര്‍ തന്നെ കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കര്‍ശന നിര്‍ദ്ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.