തിരുവനന്തപുരം: കഠിനംകുളത്ത് മൊബൈൽ കട കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ അഞ്ചുപേർ പിടിയിൽ. പൂന്തുറ സ്വദേശികൾ ആയ സുനിൽ സൈമൺ (23) , റോഷൻ (23) ,സുരേഷ് (19), അജിത്ത് (18), പ്രശാന്ത്(19) എന്നിവരാണ് പിടിയിലായത്.
മരിയനാട് പ്രവർത്തിക്കുന്ന രാജു കമ്മ്യൂണിക്കേഷനിൽ കഴിഞ്ഞ ആഴ്ചയാണ് പ്രതികൾ ഷട്ടർ തകർത്ത് വൻമോഷണം നടത്തിയത് . 

നിരവധി മൊബൈൽ ഫോണുകളും , ഡിവിആര്‍ ഉൾപ്പെടെ സിസിടിവി ക്യാമറയും സംഘം മോഷ്ടിച്ചു കൊണ്ട് പോയി. കൃത്യത്തിന് ഉപയോഗിച്ച വ്യാജ നമ്പർ പതിച്ച സ്വിഫ്റ്റ് കാറുമായി മോഷണം കഴിഞ്ഞയുടനേ പ്രതികൾ കർണ്ണാടയിലേക്ക് കടക്കുകയായിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി 300 ഓളം സി.സി.ടി.വി ക്യാമറകൾ അന്വേഷണ സംഘം പരിശോധിച്ചു. 

കർണ്ണാടയിലേക്ക് കടക്കുന്നതിന് മുമ്പ് വാഹനത്തിന്റെ യഥാർത്ഥ നമ്പർ തിരികെ വച്ചതിലൂടെയാണ് പ്രതികളെ കുറിച്ചുള്ള സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്. തിരുവനന്തപുരം സിറ്റിയിൽ സമാന കുറ്റത്തിന് നേരത്തെയും കേസ്സുകളിലെ പ്രതികളാണിവർ. മോഷണം നടത്തിയ മൊബൈൽ ഫോണുകളും ,ഡിവിആര്‍ ഉൾപ്പെടെ സിസിടിവിയും യും മോഷണത്തിനുപയോഗിച്ച സ്വിഫ്റ്റ് കാറും അന്വേഷണസംഘം കണ്ടെടുത്തു.

കഠിനംകുളം പോലീസ് ഇൻസ്പെക്ടർ എച്ച്.എൽ സജീഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ വിദഗ്ദമായ അന്വേഷണത്തിലൂടെ ഒരാഴ്ചക്കകം പ്രതികൾ മുഴുവൻ പോലീസ് പിടിയിലായത്. കഠിനംകുളം സബ്ബ് ഇൻസ്പെക്ടർ ആർ.രതീഷ് കുമാർ ,കൃഷ്ണപ്രസാദ് ,എം.എ ഷാജി എ. എസ്.ഐ എസ്. രാജു , ബിനു ഡി.വൈ.എസ്.പി യുടെ പ്രത്യേക അന്വേഷണ സംഘത്തിലെ സബ്ബ് ഇൻസ്പെക്ടർ എം.ഫിറോസ് ഖാൻ , എ. എസ്.ഐ മാരായ ബി.ദിലീപ് , ആർ.ബിജുകുമാർ എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.