ഇന്ത്യ-യുഎസ് കരാറിനെതിരെ പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകർ ദില്ലിയിലേക്ക് പ്രതിഷേധ മാർച്ച് നടത്തുന്നു. പോലീസ് അതിർത്തികൾ അടയ്ക്കുകയും കർഷകരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ ദേശീയപാതകളിൽ ഗതാഗതം തടസ്സപ്പെട്ടു.
ദില്ലി: ഇന്ത്യ-യുഎസ് കരാറിനെതിരെ കർഷക കൂട്ടായ്മകളുടെ നേതൃത്വത്തിൽ ദില്ലിലെ കിസാൻ ഘട്ടിലേക്ക് കർഷകർ പ്രതിഷേധ മാർച്ചുമായി നീങ്ങുന്നു. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് കർഷകരാണ് തലസ്ഥാനത്തേക്ക് നീങ്ങുന്നത്. അതിർത്തികളിൽ സുരക്ഷ ശക്തമാക്കി. അതേസമയം, ഹരിയാന അതിർത്തി വഴി ദില്ലിയിലേക്ക് പ്രവേശിക്കാൻ ശ്രമിച്ച കർഷകരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ഹരിയാനയിലെ ബവാന പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിൽ പ്രതിഷേധിച്ച് കർഷകർ ഹിസാർ, ശംഭു തുടങ്ങിയ പ്രധാന ടോൾ പ്ലാസകൾ ഉപരോധിച്ചതോടെ ദേശീയപാതകളിൽ ഗതാഗതം തടസ്സപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭു കോൺക്രീറ്റ് ബാരിക്കേഡുകളും ജലപീരങ്കികളും ഉപയോഗിച്ച് പോലീസ് പൂർണ്ണമായി അടയ്ക്കുകയും അതിർത്തി ജില്ലകളിൽ നിരോധനാജ്ഞ ഏർപ്പെടുത്തുകയും ചെയ്തു. കരാറിനെതിരെ രാജ്യത്തെ കർഷക സംഘടനകൾ നേരത്തെ എതിർപ്പറിയിച്ചിരുന്നു. കരാറിൽ നിന്ന് പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. എന്നാൽ, കരാറുമായി മുന്നോട്ട് പോകാനാണ് കേന്ദ്ര സർക്കാർ തീരുമാനം.
ദില്ലിയിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി സമരം കടുപ്പിക്കുന്നതിനിടെയാണ് കർഷകരുടെ പ്രക്ഷോഭവും എത്തുന്നത്. ഇന്നലെ ഉണ്ടായ സംഘർഷത്തിൽ 70 പേർ ദില്ലി പൊലീസിന്റെ കസ്റ്റഡിയിലെടുത്തിരുന്നു. സംഘർഷത്തിൽ പൊതുമുതൽ നശിപ്പിക്കൽ അടക്കം വകുപ്പുകൾ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉൾപ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരിൽ സെപ്ഷ്യൽ കമ്മീഷണറും ഡിസിപിമാരും ഉൾപ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്.
