അമ്പലപ്പുഴ: ചോർന്നൊലിക്കാത്ത ഒരു വീടിനുവേണ്ടി മോളി കാത്തിരിപ്പുതുടങ്ങിയിട്ട് വർഷങ്ങൾ പലത് പിന്നിട്ടു. അടച്ചുറപ്പുള്ള ഒരു വീടിനുള്ള ലിസ്റ്റിൽ കടന്നുകൂടാൻ മോളിക്കിതുവരെ കഴിഞ്ഞിട്ടില്ല.  പുന്നപ്ര തെക്ക് പഞ്ചായത്ത് 11-ാം വാർഡിൽ മുപ്പതിൽ വീട്ടിൽ മോളിയും കുടുംബവുമാണ് തലചായ്ക്കാൻ ഒരു വീടിനുവേണ്ടി വർഷങ്ങളായി കാത്തിരിക്കുന്നത്.

നാട്ടുകാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഓടിനടക്കുന്നയാളാണ് മോളി. ആറു വർഷമായി ഈ വാർഡിലെ മേറ്റ് ആയി പ്രവർത്തിക്കുന്നു. കൂടാതെ പുന്നപ്ര തെക്ക് പഞ്ചായത്തിലെ എ ഡി എസ് അംഗവുമാണ്. തൻെറ വാർഡിലെ ജനങ്ങളുടെ ക്ഷേമകാര്യങ്ങൾക്കായി പ്രവർത്തിക്കുന്ന മോളിയും കുടുംബവും കഴിച്ചുകൂടുന്നത് നല്ലൊരു വാതിലുപോലുമില്ലാത്ത ഒറ്റമുറി കൂരക്കുള്ളിലാണ്. ഹോളോബ്ലോക്കു കൊണ്ടുകെട്ടി ഷീറ്റ് മേഞ്ഞ അടുക്കളയോടുകൂടിയ രണ്ടുമുറിയുള്ള വീട്ടിലായിരുന്നു മോളിയും ഭർത്തവ് പുരുഷനും മകൻ ബിനുവും താമസിച്ചിരുന്നത്. കാലപ്പഴക്കം മൂലം ഏതുനിമിഷവും ഇടിഞ്ഞുവീഴുമെന്ന അവസ്ഥയിലായപ്പോൾ അറ്റകുറ്റപ്പണിക്കായി അപേക്ഷ നൽകി.

എന്നാൽ ചില സാങ്കേതിക തടസങ്ങൾ പറഞ്ഞ് അപേക്ഷ തഴയപ്പെട്ടു. ഭിത്തികൾ വിണ്ടുകീറിയ വീട്ടിലെ താമസം അപകടകരമായതോടെയാണ് രണ്ടു വർഷം മുമ്പ് അത് പൊളിച്ച് ഒറ്റമുറിയുള്ള താൽക്കാലിക ഷെഡ് പണിതത്. ഇതിലാണ് പാചകം ചെയ്യുന്നതും തല ചായ്ക്കുന്നതുമെല്ലാം. മഴയൊന്ന് കനത്തുപെയ്താൽ വെള്ളം ഒഴുകിയെത്തുന്നത് മുറിക്കുള്ളിലേക്കാണ്. വേനലായാൽ മുറിക്കുള്ളിൽ ഇരിക്കാൻപോലുമാകില്ല. ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയെങ്കിലും നിരാശമാത്രമായിരുന്നു മറുപടി. മരം വെട്ട് തൊഴിലാളിയായിരുന്നു ഭർത്താവ് പുരുഷൻ. ജോലിക്കിടയിൽ ഒരു അപകടം ഉണ്ടായതോടെ അത് നിർത്തി. ഇപ്പോൾ വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിയാണ് വീടിനാശ്രയം.