ഇടുക്കി. പട്ടിണി രൂക്ഷമായാല്‍ ആര്‍ക്കും പിടിവിട്ടു പോകും. അത്തരത്തില്‍ പിടിവിട്ടു പോയ കുരങ്ങന്‍മാരുടെ സംഘം പൂട്ടിയിട്ട കടകള്‍ അതിക്രമിച്ച് കയറി കിട്ടിയതൊക്കെ കൈയ്യിലാക്കി. മൂന്നാറിലെ ഏറ്റവും പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ എക്കോ പോയിന്റിലാണ് ഈ ദൃശ്യങ്ങള്‍. ലോക്ക്ഡൗണ്‍ നാളുകള്‍ക്ക് മുമ്പ് സുഭിക്ഷതയിലായിരുന്നു കുരങ്ങുകൂട്ടം. 

സന്ദര്‍ശകര്‍ വാങ്ങി നല്‍കുന്ന പഴങ്ങളും ബിസ്‌ക്കറ്റുമെല്ലാം കഴിച്ച് സുഖിച്ച് കഴിഞ്ഞുവരുന്നതിനിടയിലാണ് കൊവിഡ് ഭീഷണിയില്‍ നഗരങ്ങള്‍ ലോക്ക്ഡൗണായത്. അതോടെ സന്ദര്‍ശകരുടെ ഒഴുക്കും നിലച്ചു. എക്കോ പോയിന്റിലുള്ള കടകള്‍ അടയ്ക്കുകയും ചെയ്തതോടെയാണ് വാനരക്കൂട്ടം പട്ടിണിയാലയത്. നാളുകള്‍ കടന്നതോടെ വാനരസംഘം എക്കോ പോയിന്റിലെ കടകളില്‍ അതിക്രമിച്ച് കയറി. 

ടാര്‍പോളിന്‍ കൊണ്ട് കെട്ടിമറച്ചുവച്ചിരുന്ന കടകളില്‍ തുരന്നുകയറി കിട്ടിയതെല്ലാം കഴിച്ചുവിശപ്പടക്കി. കടകളില്‍ സൂക്ഷിച്ചിരുന്ന ഹോംമെയ്ഡ് ചോക്ലേറ്റുകള്‍, ബിസ്റ്റക്കറ്റ് ഉള്‍പ്പെടെയുള്ള ഭക്ഷ്യയോഗ്യമായ എല്ലാ വസ്തുക്കളും വാനരക്കൂട്ടം കാലിയാക്കി.  ചില കടയുടമകള്‍ കടയില്‍ സാധനങ്ങള്‍ മറ്റിടങ്ങളിലേക്ക് കൊണ്ടുപോയെങ്കിലും ചിലര്‍  പെട്ടുപോയി. 

കടകളില്‍ വാങ്ങി സൂക്ഷിച്ച ശീതളപാനിയങ്ങളും കുരങ്ങന്‍മാര്‍ ബാക്കി വച്ചില്ല. ലോക്ക്ഡൗണ്‍ അനന്തമായി നീളുന്ന സാഹചര്യത്തില്‍ ഈ കുരങ്ങന്‍മാരുടെ സ്ഥിതിയും ദയനീയമാകും. നാട്ടിലെ കുരങ്ങുകളും നായ്ക്കളും മറ്റു സഹജീവികളും പട്ടിണിയിലാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം പാലിച്ച് മൂന്നാറില്‍ യുവാക്കളുടെ സംഘം നായ്ക്കൂട്ടം പട്ടിണിയിലാകാതെ നോക്കുന്നുണ്ടെങ്കിലും മൂന്നാറില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയുള്ള എക്കോപോയിന്‍റില്‍ ദിവസവും എത്തി ഭക്ഷണം നല്‍കുവാന്‍ ഏറെ ബുദ്ധിമുട്ടുണ്ട്.