വയനാട്: കാലവർഷമെത്തിയതോടെ  മഴയാസ്വാദകർ വയനാട്ടിലേക്ക് ധാരാളമായി ചുരം കയറിത്തുടങ്ങി. പ്രളയത്തിന് ശേഷം മാന്ദ്യത്തിലായ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് മഴ പുത്തനുണർവ് നല്‍കുമെന്നാണ് പ്രതീക്ഷ.

ചുരം മുഴുവന്‍ മേലാടപോലെ പൊതിഞ്ഞിരിക്കുകയാണ് മഞ്ഞ്. ഒപ്പം നിർത്താതെ നൂല്‍മഴയും. ഇതില്‍ കൂടുതലെന്ത് വേണമെന്ന് ചോദിക്കുകയാണ് സഞ്ചാരപ്രിയർ. കാറിലും ബൈക്കിലുമായി മഴയാസ്വദിക്കാന്‍ ദിവസവും ആയിരങ്ങളാണ് ചുരം കയറുന്നത്. 

പ്രളയവും നിപയുമെല്ലാം നിരാശയിലാഴ്ത്തിയ ജില്ലയിലെ ടൂറിസം മേഖലയ്ക്ക് പുതുമഴ പുത്തനുണര്‍വാണ് നല്‍കിയത്. മഴ ശക്തി പ്രാപിക്കുന്നതോടെ മൺസൂൺ ടൂറിസം ഇഷ്ടപ്പെടുന്ന വിദേശികളടക്കമുള്ളവർ വ്യാപകമായെത്തുമെന്നാണ് പ്രതീക്ഷ.