ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു

ഇടുക്കി: മൂലമറ്റത്ത് തട്ടുകടയിൽ വെടിവെപ്പ്. ഒരാൾ കൊല്ലപ്പെട്ടു. മൂലമറ്റം കീരിത്തോട് സ്വദേശി സനലാണ് കൊല്ലപ്പെട്ടത്. മറ്റൊരാൾക്ക് കൂടി വെടിയേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കടയിൽ ഭക്ഷണം കഴിക്കാനെത്തിയ ഒരാളാണ് വെടിയുതിർത്തത്. ഭക്ഷണത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. പ്രതി തോക്കുമായി വന്ന് വെടിയുതിർക്കുകയായിരുന്നു. ഫിലിപ്പ് മാർട്ടിൻ എന്നയാളാണ് വെടിവച്ചത്. പ്രതിയെ മുട്ടം പൊലീസ് തിരച്ചിലിന് ഒടുവിൽ പിടികൂടി. ഇയാളെ കസ്റ്റഡിയിലെടുത്തു. മരിച്ച സനൽ സാബു ബസ് ജീവനക്കാരനാണ്. ഇയാളുടെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപിനെയാണ് ഗുരുതര പരിക്കുകളോടെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

വിതുര റിസോർട്ടിൽ അടിപിടി: മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: വിതുരയിൽ റിസോർട്ടിൽ നടന്ന സംഘർഷത്തിൽ റിസോർട്ട് ഉടമ ഉൾപ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. റിസോർട്ട് ഉടമയുടെ പ്രായപൂർത്തിയാകാത്ത മകളെ ആക്രമിച്ചെന്ന പരാതിയിൽ നാട്ടുകാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. വിതുര ചെറ്റച്ചലിൽ ഇന്നലെ വൈകിട്ടാണ് സംഭവം.

നിർമ്മാണത്തിലിരിക്കുന്ന റിസോർട്ടിലെത്തിയ രണ്ട് പേർ ആറ്റിൽ ഉടുവസ്ത്രമില്ലാതെ കുളിച്ചത് നാട്ടുകാർ ചോദ്യം ചെയ്തു. മദ്യപിച്ച് ഉടുവസ്ത്രമില്ലാതെ കുളിക്കുന്നത് ചോദ്യം ചെയ്തത് കയ്യാങ്കളിയിലെത്തി. നാട്ടുകാരും റിസോർട്ടിലെത്തിയവരും തമ്മിൽ തല്ലായി. റിസോർട്ടിലെത്തിയ അനിൽകുമാർ, മനോജ്, റിസോർട്ട് ഉടമ സുജിത്ത് എന്നിവർക്ക് പരിക്കേറ്റു.

നാട്ടുകാരിൽ രണ്ട് പേർക്കും പരിക്കുപറ്റി. പൊലീസ് എത്തിയാണ് രംഗം ശാന്തമാക്കിയത്. സംഭവത്തിൽ റിസോർട്ട് ഉടമ സന്തോഷ്, തിരുവനന്തപുരം സ്വദേശികളായ അനിൽകുമാർ, മനോജ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്യത്. പരിക്കേറ്റ് ഇന്നലെ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ട ഇവർ ഇന്ന് ആശുപത്രി വിട്ട ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 

റിസോർട്ട് ഉടമയുടെ മകളെ നാട്ടുകാർ ആക്രമിച്ചുവെന്ന പരാതിയിലും കേസ് എടുത്തു. സംഭവത്തെക്കുറിച്ച് പൊലീസ് കേസ് എടുത്ത് അന്വേഷണമാരംഭിച്ചു. ആറ്റിലേക്ക് ക്യാമറ വച്ചതിനെ ചൊല്ലി നാട്ടുകാരും റിസോർട്ട് ഉടമ സുജിതും തമ്മിൽ നേരത്തെ വാക്കേറ്റമുണ്ടായിട്ടുണ്ട്.