തിരുവനന്തപുരം: തിരുവനന്തപുരം ശംഖുമുഖം  ബീച്ചിൽ രാത്രി യുവതിയെയും സുഹൃത്തുക്കളെയും ആക്രമിച്ച കേസിലെ അഞ്ചു പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി. തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. കഴിഞ്ഞ ശനിയാഴ്ചയാണ് കണ്ണൂർ സ്വദേശി ശ്രീലക്ഷ്മി അറയ്ക്കലിനും രണ്ട് സുഹൃത്തുക്കൾക്കും നേരെ സദാചാരഗുണ്ടകളുടെ ആക്രമണം ഉണ്ടായത്. ഫേസ്ബുക്കിലൂടെ ശ്രീലക്ഷ്മി ദൃശ്യങ്ങൾ സഹിതം സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിഞ്ഞത്. പെണ്‍കുട്ടിയുടെ പരാതിയില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്തിരുന്നു. 

വള്ളക്കടവ് സ്വദേശികളായ നഹാസ്, മുഹമ്മദ് അലി, സുഹൈബ്, പൂന്തുറ സ്വദേശി അൻസാരി എന്നിവരെയാണ് വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് പേർ അരികിലേക്ക് എത്തി ചോദ്യം ചെയ്തെന്നും സംഭവം വീഡിയോയിൽ പകർത്താൻ ശ്രമിക്കവേ മർദ്ദിക്കുകയും അശ്ലീലപരമാർശം നടത്തുകയും ചെയ്തെന്നാണ് യുവതി ഫേസ്ബുക്കിൽ കുറിച്ചത്. പരാതി നൽകാനായി വലിയതുറ സ്റ്റേഷനിലെത്തിയപ്പോൾ പൊലീസിന്റെ പെരുമാറ്റവും നിരാശാജനകമായിരുന്നുവെന്നും പെണ്‍കുട്ടി ആരോപിച്ചിരുന്നു.