Asianet News MalayalamAsianet News Malayalam

'കായിക വിദ്യാർത്ഥിനിയെ ചവിട്ടി കാലൊടിച്ചു'; പീഡനക്കേസിൽ റിമാൻഡിലായ കായിക അധ്യാപകനെതിരെ കൂടുതൽ പരാതികൾ

'കായിക വിദ്യാർത്ഥിനിയെ ചവിട്ടി കാലൊടിച്ചു'; പീഡനക്കേസിൽ റിമാൻഡിലായ കായിക അധ്യാപകനെതിരെ കൂടുതൽ പരാതികൾ

More complaints against sports teacher remanded in harassment case
Author
Kerala, First Published Jul 24, 2021, 10:09 PM IST

കോഴിക്കോട്: കായികതാരമായിരുന്ന വിദ്യാർത്ഥിനിയുടെ പരാതിയിൽ  പോക്സോ കേസിൽ റിമാൻഡിലായ കട്ടിപ്പാറ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിലെ കായിക അധ്യാപകൻ കോടഞ്ചേരി  മീൻമുട്ടി വട്ടപ്പാറയിൽ വിടി മനീഷിനെതിരെ കൂടുതൽ പരാതികൾ.

സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയായ കായിക താരവുമാണ് താമരശ്ശേരി പൊലീസിൽ ഇന്ന് പരാതി നൽകിയത്. മൂന്നര മാസം മുമ്പ് സ്കൂളിലെ ജിമ്മിൽ വെച്ച് പരിശീലനത്തിനിടെ തളർന്ന വിദ്യാർത്ഥിനിയെ കേട്ടാൽ അറക്കുന്ന തരത്തിൽ തെറി വിളിക്കുകയും നിരവധി തവണ ചവിട്ടുകയും ഇതേ തുടർന്ന് കാലിൻ്റെ തുടയെല്ല് പൊട്ടുകയുമായിരുന്നെന്നാണ് മിനീഷിനെതിരായ പരാതി. 

വിദ്യാർത്ഥിനിയുടെ ശരീരമാകെ മർദ്ദനമേറ്റ പാടുകളുമുണ്ടായിരുന്നു, വേദന കൊണ്ട് പുളഞ്ഞ കുട്ടിയെ ആശുപത്രിയിൽ എത്തിക്കുകയോ, വെള്ളം പോലും നൽകുകയോ ചെയ്തില്ല.  വിവരം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായും പരാതിയിൽ പറയുന്നു. കഴിഞ്ഞ മാർച്ച് മാസം 19 ന് ആയിരുന്നു ഈ സംഭവം. 

ഇരുപതാം തിയ്യതി രാവിലെ മകൾ വീണ് പരിക്കേറ്റിട്ടുണ്ട് എന്ന് വീട്ടിൽ വിളിച്ചറിയിച്ചതിനെ തുടർന്ന് വീട്ടുകാരെത്തി മുക്കം കെഎംസിടി മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. കുടുംബത്തിന് ചികിത്സക്കായി അധ്യാപകനോ, സ്കൂൾ അധികൃതരോ യാതൊരു സഹായവും നൽകിയിരുന്നില്ലെന്നും രക്ഷിതാക്കൾ പറയുന്നു.

അധ്യാപകൻ്റെ പീഡന വിവരം പുറത്തു വന്ന സാഹചര്യത്തിൽ പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഒപ്പമുണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിനിയുടെ മാതാവാണ് കായികാധ്യാപകൻ മർദ്ദിച്ച വിവരം വീട്ടുകാരെ അറിയിച്ചത്. തുടർന്ന് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും ശരിയായ വിവരങ്ങൾ ചോദിച്ചറിയുകയും താമരശ്ശേരി പോലീസിൽ പരാതി നൽകുകയുമായിരുന്നു. പരിക്കേറ്റ വിദ്യാർത്ഥിനിക്ക് ഇപ്പോഴും പരസഹായമില്ലാതെ നടക്കാൻ കഴിയില്ല. കുട്ടിയുടെ കായിക ഭാവി തന്നെ അധ്യാപകൻ തകർത്തു കളഞ്ഞതായി രക്ഷിതാക്കൾ പറയുന്നു. 

തൻ്റെ മകൻ അൽ അമീനിനെ കായികാധ്യാപകൻ ക്രൂരമായി മർദ്ദിച്ചിരുന്നതായി കട്ടിപ്പാറയിൽ വ്യാപാര സ്ഥാപനം നടത്തുന്ന അബ്ദുസലാം പറഞ്ഞു. പിടിയുടെ പിരീഡ് ക്ലാസിൽ എത്തിയപ്പോഴാണ് മർദ്ദനമേറ്റത്. ഇരു ചെവിക്കും കേൾവി ശക്തി കുറവും സംസാരശേഷി ഇല്ലാത്തതുമായ അൽ അമീനിനോട് അധ്യാപകൻ പറഞ്ഞത് എന്തെന്ന് അവന് മനസ്സിലായിരുന്നില്ല, ഇക്കാരണത്താൽ ചെവിക്ക് ശക്തിയായി അടിക്കുകയും കേൾവി ശക്തിക്കായി ചെവിയിൽ സ്ഥാപിച്ച യന്ത്രം പൊട്ടുകയും ചെയ്തതായും അബ്ദുസലാം.

അടിയേറ്റ കുട്ടിയും, ക്ലാസിൽ ഉണ്ടായിരുന്ന ബന്ധുവായ മറ്റൊരു കുട്ടി കരയുകയും, വിവരം പിതാവിനെ അറിയിക്കുകയും ചെയ്തു. പ്രശ്നം പിന്നീട് മാനേജ്മെൻറും, മറ്റുള്ളവരും ചേർന്ന് ഒത്തുതീർപ്പാക്കുകയായിരുന്നു എന്ന് അബദുൽ സലാം പറഞ്ഞു. അധ്യാപകൻ വേറൊരു വിദ്യാർത്ഥിനിയെ ഫോണിലൂടെ തെറി പറയുന്നതും, പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മറ്റൊരു വിദ്യാർത്ഥിനിയോട്  കുറ്റസമ്മതം നടത്തുന്നതുമായ ശബ്ദരേഖയും  പുറത്ത് വന്നിട്ടുണ്ട്.

അധ്യാപകൻ്റെ സഹായിയായ സ്ത്രീയേ തേടി പെലീസ് പോയെങ്കിലും വീടുപൂട്ടി സ്ഥലം വിട്ടതിനാൽ പിടികൂടാനായിട്ടില്ല. വരും ദിവസങ്ങളിൽ കൂടുതൽ പേർ പരാതിയുമായി എത്തുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios