ഇടുക്കി: മൂന്നാറിലെ കൂടുതല്‍ പേരുടെ പരിശോധനാ ഫലം വന്നതോടെ ആശങ്കകള്‍ ഒഴിവാകുന്നു. പരശോധനയ്ക്ക് അയച്ച 138 സ്രവ സാമ്പിളുകളില്‍ 45 പേരുടെയും ഫലം നെഗറ്റീവ് ആയതോടെയാണ് ആശങ്കകള്‍ ഒഴിവായത്. നാലു ദിവസം മുമ്പ് രണ്ടു പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൂന്നാര്‍ ആശങ്കയുടെ മുള്‍മുനയിലായിരുന്നു. കൊവിഡ് കണ്ടെത്തിയ രണ്ടുപേരുടെ ആരോഗ്യസ്ഥിതിയിലും ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. 

കൊവിഡ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരെ കണ്ടെത്തി ആരോഗ്യവകുപ്പിന്റെ കര്‍ശന നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. മൂന്നാറിലെ ഐസലേഷന്‍ വാര്‍ഡായ ശിക്ഷാ സദനില്‍ 31 പേരും ദേവികുളത്തെ സ്വകാര്യ റിസോര്‍ട്ടില്‍ 23 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ഐസലേഷന്‍ വാര്‍ഡുകളിലും വീടുകളിലുമായി 223 പേരാണ് ആരോഗ്യവകുപ്പിന്‍രെ നിരീക്ഷണത്തലുള്ളത്. ബ്രിട്ടന്‍ പൗരന്റേതുള്‍പ്പടെ മൂന്നു പോസിറ്റീവ് കേസുകളാണ് മൂന്നാറില്‍ കണ്ടെത്തിയത്. 

ആ കേസുകള്‍ കണ്ടെത്തിയ സാഹചര്യത്തിലും മൂന്നാറില്‍ ആശങ്കപ്പെടാനുള്ള സാഹചര്യങ്ങളില്ലെന്ന് മെഡിക്കല്‍ ഓഫീസര്‍ ഡോ.അശ്വതി അറിയിച്ചു. അതേസമയം, മൂന്നാറില്‍ ജാഗ്രത തുടരേണ്ടത് അനിവാര്യമാണെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടുന്നു. തമിഴ്‌നാട്ടില്‍ നിന്ന് ആരെങ്കിലും സമീപ പ്രദേശങ്ങളിലോ മറ്റിടങ്ങളിലോ താമസത്തിന് വന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണം. വ്യക്തിശുചിത്വം കര്‍ശനമായി പാലിക്കേണ്ടതിന്റെ ആവശ്യകതയും ഉദ്യോഗസ്ഥര്‍ ഓര്‍മ്മിപ്പിക്കുന്നു. അതേസമയം, തമിഴ്‌നാട്ടില്‍ നിന്നു വരുന്നവര്‍ മുന്‍കൂട്ടി അറിയിക്കുകയാണെങ്കില്‍ അവരെ ആരോഗ്യവകുപ്പിന്റെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തിലാക്കുവാനുള്ള ക്രമീകരണങ്ങള്‍ ചെയ്യുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.