കോഴിക്കോട്: വിവാദങ്ങൾ പുകയുമ്പോഴും അധ്യാപകൻ ഉത്തരക്കടലാസ് തിരുത്തിയ നീലേശ്വരം ഗവണ്‍മെന്‍റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവേശനം നേടാൻ എത്തുന്ന കുട്ടികളിൽ വൻതിരക്ക്. രണ്ട് ദിവസം കൊണ്ട് സ്കൂളിലെ പകുതിയിലേറെ സീറ്റുകളും പൂർത്തിയായെന്നാണ് റിപ്പോർട്ട്. ആദ്യ ഘട്ട അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളിൽ ചേരാൻ തിങ്കളാഴ്ച വൈകുന്നേരം വരെ സമയമുണ്ടാകും.

ഇതുവരെ, 100 സീറ്റുള്ള സയൻസ് വിഭാഗത്തിൽ 63 പേരും 50 സീറ്റുള്ള കൊമേഴ്സിൽ 15 പേരുമാണ് പ്രവേശനം നേടിയത്. അതേസമയം അധ്യായന നിലവാരവും വിജയശതമാനവും ഉയർത്താനുള്ള വിവിധ പദ്ധതികളുമായി ജൂൺ മൂന്നിനു തന്നെ ക്ലാസുകൾ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് സ്കൂൾ അധികൃതർ.

ഹയർ സെക്കൻഡറി പരീക്ഷയിൽ നടന്ന തിരിമറിയാണ് സ്‌കൂളിനെ വിവാദത്തിലാക്കിയത്. നിഷാദ് വി. മുഹമ്മദ് 4 വിദ്യാർത്ഥികൾക്കായി ഹയർ സെക്കണ്ടറി പരീക്ഷ എഴുതുകയും 32 പേരുടെ ഉത്തരക്കടലാസ് തിരുത്തുകയും ചെയ്തതായാണ് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് നിഷാദ് മുഹമ്മദിനൊപ്പം പരീക്ഷാ ചീഫ് സൂപ്രണ്ടും നീലേശ്വരം ഗവ.ഹയർ സെക്കണ്ടറി പ്രിൻസിപ്പലുമായ കെ റസിയ, പരീക്ഷ ഡെപ്യൂട്ടി ചീഫും ചേന്നമംഗലൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപകനുമായ പി കെ ഫൈസൽ എന്നിവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെന്റ് ചെയ്തിരുന്നു.