മലപ്പുറം ഗ്രാമപഞ്ചായത്തിലെ വിവിധയിടങ്ങളിൽ കാട്ടുപന്നികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. രോഗബാധയാണ് മരണകാരണമെന്നാണ് സംശയം. ഇത് വളർത്തുമൃഗങ്ങളിലേക്കും മനുഷ്യരിലേക്കും പകരുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.

മലപ്പുറം: ഗ്രാമപഞ്ചായത്തിന്റെ വിവിധ ഇടങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നു. നറുക്കുംപ്പൊട്ടി, മണല്‍പ്പാടം, മാമാങ്കര പ്രദേശങ്ങളിലാണ് കാട്ടുപന്നികളുടെ ജഡം കാണുന്നത്. ഒരു മാസത്തിനുള്ളില്‍ 35 ഓളം കാട്ടുപന്നികളുടെ ജഡം കണ്ടെത്തി. എന്നാല്‍ ഇതിന്റെ മൂന്നിരട്ടി പല പ്രദേശങ്ങളിലായി ചത്തതായി കാണപ്പെടുകയും പ്രദേശവാസികള്‍ കുഴിച്ചിടുകയും ചെയ്തുവെന്ന് പറയപ്പെടുന്നു. രോഗബാധയാണെന്നാണ് സംശയിക്കുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാവുന്നത് നാട്ടുകാര്‍ക്കിടയില്‍ ആശങ്ക പരത്തിയിട്ടുണ്ട്. വളര്‍ത്തു മൃഗങ്ങള്‍ക്കും രോഗം ബാധിക്കുമോ എന്നാണ് ആശങ്ക. കാട്ടുപന്നികള്‍ ഇത്തരത്തില്‍ കൂട്ടത്തോടെ ചാകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നംമൂലം ആണെന്നാണ് പ്രദേശവാസികള്‍ സംശയിക്കുന്നത്.

രോഗബാധക്ക് സാധ്യത, ജനം ആശങ്കയിൽ 

പന്നിപ്പനി പോലെയുള്ള രോഗമാകാം പെട്ടെന്ന് ഇത്രയും കാട്ടുപന്നികള്‍ ചാകാന്‍ കാരണമെന്നും പ്രദേശവാസികള്‍ സംശയിക്കുന്നു. ചത്ത കാട്ടുപന്നികളെ സംസ്‌കരിക്കുന്നതിലും വനം വകുപ്പ് കടുത്ത അലംഭാവമാണ് കാണിക്കുന്നത്. പന്നികളെ ചത്ത നിലയില്‍ കണ്ടെത്തുമ്പോള്‍ വനം വകുപ്പിനെ അറിയിക്കുകയും അവര്‍ വന്ന മറവ് ചെയ്യുകയുമാണ് പതിവ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്റ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് കാട്ടുപന്നികളെ മറവ് ചെയ്യുന്നത്. രോഗം വളര്‍ത്തു മൃഗങ്ങളിലേക്കോ, മനുഷ്യരിലേക്കോ പകരുമോ എന്ന് ആശങ്കയും പ്രദേശവാസികക്ക് ഉണ്ട്. പ്രദേശവാസികളുടെ ആശങ്ക പരിഹരിക്കാന്‍ വനം വകുപ്പും തദ്ദേശസ്വയംഭരണ വകുപ്പുംഅടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.