രോഗം വളര്‍ത്തു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. വനം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ

മലപ്പുറം: മലപ്പുറത്ത് ജനവാസ കേന്ദ്രത്തില്‍ ഉള്‍പ്പെടെ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചാകുന്നതിന്‍റെ കാരണം കണ്ടെത്താന്‍ നടപടിയുമായി വനം വകുപ്പ്. ഒരു മാസത്തിനിടെ 40ലധികം കാട്ടുപന്നികളാണ് വിവിധ ഇടങ്ങളില്‍ ചത്തത്. ബുധനാഴ്ച നറുക്കുംപൊട്ടിയില്‍ ജനവാസ കേന്ദ്രത്തിന് സമീപം കണ്ട കാട്ടുപന്നിയുടെ ജഡം പോസ്റ്റ്‌മോര്‍ട്ടം നടത്തി. സാംപിളുകള്‍ വയനാട് പൂക്കോട് വെറ്ററിനറി ലാബിലേക്ക് പരിശോധനക്കയച്ചു. അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസര്‍ എസ് ശ്യാമിന്‍റെ നേതൃത്വത്തിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വൈറസ് ബാധയാണെന്നാണ് നിഗമനം.

വഴിക്കടവ് വനം റേഞ്ചിലെ കീഴിലെനറുക്കുംപ്പൊട്ടി, മണല്‍പ്പാടം, കമ്പളക്കല്ല് എന്നിവിടങ്ങളിലാണ് വനത്തിനുള്ളിലും സമീപത്തെ കൃഷിയിടങ്ങളിലുമായി കാട്ടുപന്നികളെ ചത്ത നിലയില്‍ കണ്ടത്. വിഷം വെച്ചതായിരിക്കും എന്നാണ് വനം വകുപ്പ് ആദ്യം സംശയിച്ചിരുന്നതെങ്കിലും പിന്നീട് അതല്ലെന്ന് ബോധ്യപ്പെടുകയായിരുന്നു. കാട്ടുപന്നികള്‍ ചാകുന്നതിലെ ആശങ്കകള്‍ അകറ്റണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

ചത്ത കാട്ടുപന്നികളെ സംസ്‌കരിക്കുന്നതിൽ വനം വകുപ്പ് കടുത്ത അലംഭാവമാണ് കാണിക്കുന്നത്. പന്നികളെ ചത്ത നിലയില്‍ കണ്ടെത്തുമ്പോള്‍ വനം വകുപ്പിനെ അറിയിക്കുകയും അവര്‍ വന്ന മറവ് ചെയ്യുകയുമാണ് പതിവ്. വേള്‍ഡ് ഹെല്‍ത്ത് ഓര്‍ഗനൈസേഷന്‍റെ നിബന്ധനകള്‍ ഒന്നും പാലിക്കാതെയാണ് കാട്ടുപന്നികളെ മറവ് ചെയ്യുന്നതെന്നാണ് പരാതി. രോഗം വളര്‍ത്തു മൃഗങ്ങളിലേക്കോ മനുഷ്യരിലേക്കോ പകരുമോ എന്നാണ് നാട്ടുകാരുടെ ആശങ്ക. വനം വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടിരുന്നു.