ഹെൽമറ്റും മാസ്കും ധരിച്ച് താക്കോലില്ലാതെ ബൈക്കുകൾ സ്റ്റാർട്ട് ചെയ്ത് കടത്തിക്കൊണ്ടു പോകുന്നതായിരുന്നു പ്രതിയുടെ രീതി. പാതയോരത്ത് പാർക്ക് ചെയ്യുന്ന ബൈക്ക്, സ്വന്തം വാഹനം എടുത്തു കൊണ്ടുപോകുന്നത് പോലെ സിംപിളായാണ് പ്രതി മോഷ്ടിച്ച് കൊണ്ടുപോയിരുന്നത്.

തിരുവനന്തപുരം: പാതയോരത്തും വീടുകൾക്ക് സമീപവും പാർക്ക് ചെയ്ത ബൈക്കുകൾ മോഷ്ടിച്ച് മറിച്ച് വിൽക്കുന്ന യുവാവിനെ പൊലീസ് പിടികൂടി. പലപ്പോഴും ഹെൽമറ്റും മാസ്കും ധരിച്ച് ബൈക്ക് മോഷണം നടത്തുന്ന അഞ്ചൽ വടമൺ അഗസ്ത്യക്കോട് സ്വദേശി വിജിൻ ബിജു (അപ്പൂസ്-24) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം വെമ്പായത്തെ ബാറിനു മുന്നിൽ നിന്ന്‌ കൊപ്പം സ്വദേശി ഗോപകുമാറിന്‍റെ ബൈക്ക് മോഷണം പോയ കേസിലും നാഗരുകുഴി റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന തേമ്പാമൂട് സ്വദേശി ഷിജുവിന്‍റെ ബൈക്ക് മോഷണം പോയ കേസിലുമാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.

വിരലടയാളം തെളിവായി, പ്രതി പിടിയിൽ

ഈ മാസം നാലിന് രാത്രി ഇളമ്പത്തട സ്വദേശി സുനിലിന്‍റെ വീടിനു മുന്നിൽ നിർത്തിയിരുന്ന ബൈക്ക് കടത്തിക്കൊണ്ടു പോകുമ്പോൾ കടയ്ക്കാവൂർ പൊലീസ് തടഞ്ഞെങ്കിലും ഇയാൾ വാഹനം ഉപേക്ഷിച്ച് കടന്നു. ഉപേക്ഷിക്കപ്പെട്ട വാഹനത്തിൽ നിന്നു ശേഖരിച്ച വിരലടയാളം ബൈക്ക് മോഷ്ടാവായ വിജിന്‍റേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പിന്നീട് നാഗരുകുഴിയിൽ നിന്നു മോഷണം പോയ ബൈക്ക് കരമനയിൽ വിൽക്കാൻ ശ്രമിക്കുമ്പോഴാണ് പൊലീസിന്‍റെ പിടിയിലായത്. 

സി സി ടി വി ദൃശ്യങ്ങൾ ലഭിക്കാതിരിക്കാൻ മാസ്കും ഹെൽമറ്റും ധരിച്ച് മോഷണം നടത്തുന്ന പ്രതി ഹീറോ ഹോണ്ട വാഹനങ്ങളാണ് സ്ഥിരമായി മോഷ്ടിക്കുന്നതെന്ന് പൊലീസ് പറയുന്നു. താക്കോൽ ഉപയോഗിക്കാതെ സ്റ്റാർട്ട് ചെയ്യുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യമുള്ള പ്രതി മോഷണ വാഹനങ്ങൾ കിട്ടുന്ന വിലയ്ക്ക് പണയപ്പെടുത്തുകയോ വിൽക്കുകയോ ചെയ്യും. പാതയോരത്ത് പാർക്ക് ചെയ്യുന്ന ബൈക്ക്, സ്വന്തം വാഹനം എടുത്തു കൊണ്ടുപോകുന്നത് പോലെ സിംപിളായാണ് പ്രതി മോഷ്ടിച്ച് കൊണ്ടുപോകുന്നത്. നൂറനാട്, പേരൂർക്കട, ശ്രീകാര്യം, തമ്പാനൂർ, മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു.