കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വന്‍തുക നല്‍കി സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

ആലപ്പുഴ:സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ചൂടുള്ള ജില്ലകളിലൊന്നായ ആലപ്പുഴയില്‍ നഗരസഭ പരിധിയിലെ ഭൂരിഭാഗം കുടിവെള്ള കിയോസ്കുകളും പ്രവര്‍ത്തിക്കുന്നില്ല. കുറഞ്ഞ നിരക്കിൽ ജനങ്ങള്‍ക്ക് കുടിവെള്ളം നല്‍കിയിരുന്ന കിയോസ്കുകള് യന്ത്രത്തകരാര് മൂലം പണിമുടക്കി ആഴ്ചകള്‍ കഴിഞ്ഞിട്ടും അടിയന്തിര പരിഹാരത്തിനുള്ള ഒരു ശ്രമവും അധികൃതകരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.കുടിവെള്ള ക്ഷാമം രൂക്ഷമായതോടെ വന്‍തുക നല്‍കി സ്വകാര്യകേന്ദ്രങ്ങളില്‍ നിന്ന് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ് ജനങ്ങള്‍.

ആലപ്പുഴ നഗരസഭയിലെ കരളകം വാര്‍ഡിലുള്ള കുടിവെള്ള കിയോസ്കിന് മുന്നില്‍ പദ്ധതി ഉദ്ഘാടനം ചെയ്ത മന്ത്രി പി പ്രസാദിന്‍റെയും മറ്റു ജനപ്രതിനിധികളുടെയുമെല്ലാം പേര് കൊത്തിവെച്ച ശിലാഫലകമൊക്കെയുണ്ടെങ്കിലും ഇപ്പോള്‍ ജനങ്ങള്‍ക്ക് ഉപകാരമില്ലെന്ന് മാത്രം. കടുത്ത വേനലില്‍ ഈ കിയോസ്ക് കൊണ്ട് ജനങ്ങള്‍ക്ക് യാതൊരു ഗുണവും ലഭിക്കുന്നില്ല.ദിവസവും കാലിപ്പാത്രങ്ങളുമായി നാട്ടുകാര്‍ എത്തും. നിരാശയോടെ തിരിച്ചു പോകും. യന്ത്രത്തകരാര്‍ മൂലം കിയോസ്ക് പ്രവര്‍ത്തനം മുടക്കിയിട്ട് ദിവസങ്ങളായിട്ടും പരിഹരിക്കാൻ നടപടിയായിട്ടില്ല.


ലിറ്റിന് 50 പൈസ മാത്രം ഈടാക്കുന്ന ഈ പ്ലാന്‍റ് നൂറൂകണക്കിന് സാധാരണക്കാര്‍ക്ക് ആശ്രയമായിരുന്നു. ഇപ്പോള്‍ വന്‍തുക നല്കി സ്വാകര്യവ്യക്തികളില്‍ നിന്നും കുടിവെള്ളം വാങ്ങേണ്ട ഗതികേട്.ഇതാദ്യമല്ല പ്ലാന്‍റ് പണിമുടക്കുന്നത്. നാല് മാസം മുമ്പ് മോട്ടോര്‍ കത്തിനശിച്ചു.അന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്വന്തം കൈയില്‍നിന്ന് പണംമുടക്കിയാണ് തകരാര്‍ പരിഹരിച്ചത്.ഈ തുക ഇന്നുവരെ നഗരസഭ തിരിച്ചുനല്‍കിയിട്ടില്ല.നഗരസഭയില്‍ വിവിധ വാര്‍ഡുകളിലായി 20 കുടിവെള്ള കിയോസ്കുകളുണ്ട്. ഭൂരിഭാഗം പ്ലാന്‍റിന്‍റയും സ്ഥിതി ഇത് തന്നെ. വര്‍ഷാവര്‍ഷം അറ്റകുറ്റപ്പണി നടത്താത്തതാണ് തകരാറിന് പ്രധാന കാരണം. പ്ലാന്‍റുകള്‍ എന്ന് ശരിയാക്കും എന്നു ചോദിച്ചാല്‍ അധികൃതര്‍ക്കും കൃത്യമായ മറുപടിയില്ല.

'ബേലൂര്‍ മഖ്ന മിഷൻ'; ആശയക്കുഴപ്പം ഒഴിവാക്കണം, ആക്ഷൻ പ്ലാൻ തയ്യാറാക്കാൻ ഹൈക്കോടതി നിര്‍ദേശം