ആലപ്പുഴ: പതിമൂന്ന് വയസുകാരിയായ മകളെ തെരുവിൽ ഉപേക്ഷിച്ച ശേഷം അമ്മ മുങ്ങി. കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് ആലപ്പുഴ മുല്ലയ്ക്കലിലാണ് അമ്മ പെണ്‍കുട്ടിയെ ഉപേക്ഷിച്ചത്. വാടക നൽകാൻ കഴിയാതെ വന്നതിനാൽ പുന്നപ്രയിലെ വീട്ടിൽ നിന്ന് ഇറങ്ങേണ്ടി വന്നെന്നും അച്ഛന്റെ അടുത്ത് പൊയ്‌ക്കോളൂ എന്നും പറഞ്ഞാണ് അമ്മ പോയതെന്ന് എട്ടാം ക്ലാസുകാരിയായ പെൺകുട്ടി പറയുന്നു.

പെൺകുട്ടിയും പിതാവും നഗരസഭാ ഓഫിസിലെത്തി പരാതിപ്പെട്ടതിനെ തുടർന്ന് നഗരസഭാധ്യക്ഷൻ പെൺകുട്ടിയെ താൽക്കാലികമായി കുടുംബശ്രീയുടെ 'സ്‌നേഹിത'യിൽ പാര്‍പ്പിക്കുകയായിരുന്നു. അമ്മ ഉപേക്ഷിച്ച് പോയതിന് പിന്നാലെ കയറ്റിറക്ക് ജോലിക്കുശേഷം അച്ഛൻ വിശ്രമിക്കുന്ന തൊഴിലാളി യൂണിയൻ ഓഫിസിലെത്തി പെൺകുട്ടി അച്ഛനെ കാണുകയായിരുന്നു. അച്ഛനുമായി തിരികെ മുല്ലയ്ക്കലിൽ എത്തിയെങ്കിലും അമ്മയെ കണ്ടെത്താന്‍ സാധിച്ചില്ലെന്നും പെണ്‍കുട്ടി പറയുന്നു.

കൗൺസിലർ സി.വി.മനോജ് കുമാർ, ചൈൽഡ് ലൈൻ കോഓർഡിനേറ്റർ ജെഫിൻ എന്നിവരും വിഷയത്തിൽ ഇടപെട്ടു. മകളെ വഴിയിൽ വിട്ടശേഷം അമ്മ പോയതിനെതിരെ പെൺകുട്ടി  പൊലീസിനു പരാതി നൽകുമെന്നു ചെയർമാൻ പറഞ്ഞു. ചൈൽഡ് വെൽഫെയർ കമ്മിറ്റി അമ്മയെ വിളിച്ചുവരുത്തി അവരുടെ ഭാഗം കേട്ടശേഷം നടപടി സ്വീകരിക്കുമെന്നാണ് വ്യക്തമാക്കിയിട്ടുള്ളത്.