പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ മകളെ തോല്‍പ്പിക്കാന്‍ അമ്മ രംഗത്തിറങ്ങി. പാലക്കാട് നഗരസഭ 18-ാം  വാര്‍ഡിലാണ് തന്നെ വീട്ടില്‍ നിന്ന് തന്നെ പുറത്താക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് അമ്മ ബിജെപി നേതാവിന്റെ ഭാര്യയായ മകള്‍ക്കെതിരെ പോരാട്ടത്തിനിറങ്ങുന്നത്. 

ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയും പാലക്കാട് നഗരസഭാ വൈസ് ചെയര്‍മാനുമായി സി കൃഷ്ണകുമാറിന്റ ഭാര്യ മിനി കൃഷ്ണകുമാറിനെതിരെയാണ് അമ്മ വിജയകുമാരി മത്സരിക്കാനിറങ്ങുന്നത്. മകള്‍ സ്ഥാനാര്‍ത്ഥിയാകുമെന്നറിഞ്ഞതോടെ അമ്മയും നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 

വിജയകുമാരിയുടെ രണ്ടാമത്തെ മകളാണ് അമ്മയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തന്നെയും അമ്മയെയും ഒരുപാട് പീഡിപ്പിച്ചതാണെന്ന് തന്റെ ചേച്ചിയെന്നും ചേച്ചിക്കെതിരെ പരമാവധി വോട്ടുകള്‍ നേടി തോല്‍പിക്കുമെന്നും രണ്ടാമത്തെ മകള്‍ പറയുന്നു.

എന്നാല്‍ ഇതിനെക്കുറിച്ച് പ്രതികരിക്കാന്‍ താല്‍പര്യമില്ലെന്നും അമ്മക്കെതിരെ അപകീര്‍ത്തിക്കേസ് ഫയല്‍ ചെയ്തിട്ടുണ്ടെന്നും ബിജെപി സ്ഥാനാര്‍ത്ഥി മിനി കൃഷ്ണകുമാര്‍ പറഞ്ഞു. സംസ്ഥാനത്ത് ബിജെപിക്കുള്ള ഏക നഗരസഭയിലാണ് കുടുംബപ്രശ്‌നം സ്ഥാനാര്‍ത്ഥിത്വത്തിലേക്ക് വരെ എത്തിയത്.