രിച്ചുപോയ പ്രിയ മകന്‍റെ ഓര്‍മ്മയായിരുന്നു ഡോളിക്ക് ആ കാശുകുടുക്ക. നാണയത്തുട്ടുകള്‍ മാത്രമല്ല പ്രിയ മകന്‍റെ ഓര്‍മ്മകളും കൂടിയാണ് അതിനുള്ളിലുള്ളത്. ഇത്രയും വര്‍ഷം കാത്തുവെച്ച മരിച്ചുപോയ മകന്‍റെ കാശുകുടുക്ക ഒടുവില്‍ ദുരിതമനുഭവിക്കുന്ന കുരുന്നുകള്‍ക്ക് വേണ്ടി ആ അമ്മ കൈമാറി. അന്‍പോടെ മൂന്നാര്‍ എന്ന പേരില്‍ വയനാട്ടിലേക്കുള്ള ദുരിതാശ്വാസ സാമഗ്രികള്‍ ശേഖരിക്കുന്ന പരിപാടിയിലാണ് ഡോളി മകന്‍റെ സമ്പാദ്യം കൈമാറിയത്. അവന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാന്‍ കഴിഞ്ഞതിന്‍റെ ആത്മസംതൃപ്തിയിലാണ് ആ അമ്മയിപ്പോള്‍. 

എം ജി റോഡിലെ കുരിശടിക്കു സമീപത്തുള്ള രാജന്‍റെയും ഡോളിയുടെയും ഇളയമകനായിരുന്നു അജയ് എന്ന ജസ്വിന്‍. രക്താര്‍ബുദമെന്ന വിപത്ത് അജയുടെ ശരീരത്തെ കാര്‍ന്നു തിന്നുന്നുവെന്നത് 2008 ലാണ് കണ്ടെത്തിയത്. രണ്ടു വര്‍ഷം നീണ്ടു നിന്ന ചികിത്സ പക്ഷേ ഫലവത്തായില്ല. 2010 ല്‍ അജയ് ഈ ലോകത്തോട് വിടപറഞ്ഞു. പക്ഷേ അതിനും മുമ്പ്  മരണക്കിടക്കയില്‍ കിടക്കുമ്പോഴും കഷ്ടപ്പാടും ദുരിതങ്ങളും അനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി എന്ത് ചെയ്യാന്‍ കഴിയുമെന്നായിരുന്നു ആ കുരുന്ന് ആലോചിച്ചത്. ഒടുവില്‍ അവന്‍ തന്നെ ഒരു മാര്‍ഗം കണ്ടെത്തി.

അച്ഛനും ബന്ധുക്കളും തന്നെ കാണാനായി വരുന്നവരുമെല്ലാം തരുന്ന ഒരോ രൂപയും കളയാതെ ഒരു കുടുക്കയില്‍ നിക്ഷേപിച്ചു. എല്ലാം ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയായിരുന്നു. പക്ഷേ രണ്ടു കുടുക്ക നിറയുമ്പോഴേയ്ക്കും അവന്‍ മരണത്തിന് കീഴടങ്ങി. മകന്‍റെ ഓര്‍മ്മകള്‍ക്കൊപ്പം ആ കുടുക്കകളും നെഞ്ചോട് ചേര്‍ത്തുവെച്ചിരിക്കുകയായിരുന്നു അമ്മ ഡോളി. പക്ഷേ കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന കുട്ടികള്‍ക്ക് മകന്‍റെ കുടുക്കകള്‍ കൈയ്ത്താങ്ങാകുമെന്നോര്‍ത്തപ്പോള്‍ കുടുക്കകള്‍ പാവപ്പെട്ടവര്‍ക്ക് നല്‍കണമെന്ന് അവര്‍ക്ക് തോന്നി. അങ്ങനെയാണ് പ്രിയ മകന്‍റെ സമ്പാദ്യം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കാന്‍ തീരുമാനിക്കുന്നത്. 
രണ്ടു കുടുക്കകളിലെ പണവും അര്‍ഹരായ കൈകളിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ്  അജയ്‍യുടെ കുടംബം.