ഇടുക്കി: ഇടുക്കി വാത്തിക്കുടിയിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ അമ്മയെ അറസ്റ്റ് ചെയ്തു. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. ഇവര്‍ അവിവാഹിതയാണ്. അവിവാഹിതയായ താൻ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാർത്ഥിയായ ചഞ്ചൽ ഗർഭിണിയായ കാര്യം വീട്ടുകാർക്കോ നാട്ടുകാർക്കോ സഹപാഠികൾക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടർന്ന് റൂമിൽ കൊണ്ടുവന്ന ശേഷം ടവ്വൽ കഴുത്തിൽ മുറുക്കി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. 

മൃതദേഹം ബാഗിലാക്കി ഉപേക്ഷിക്കാനും തീരുമാനിച്ചു. ഇതിനായി സുഹൃത്തിന്റെ സഹായം തേടി. എന്നാൽ കാര്യങ്ങൾ പന്തിയല്ലെന്ന് തോന്നിയ സുഹൃത്ത് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കുഞ്ഞ് ചാപിള്ളയായിരുന്നുവെന്നാണ് ചഞ്ചൽ ആദ്യം പൊലീസിനോട് പറഞ്ഞത്. പോസ്റ്റുമോർട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. 

വിശദമായി ചോദ്യം ചെയ്തപ്പോൾ പ്രതി കുറ്റം സമ്മതിച്ചു. ഗർഭണിയായിരുന്ന കാര്യം എല്ലാവരിൽ നിന്നും മറച്ച് വക്കാനായെന്നും അത് പോലെ മൃതദേഹം ഉപേക്ഷിച്ച് അതും മറക്കാനാവുമെന്നും കരുതിയതായി യുവതി പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ ചഞ്ചലിനെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.