സംഭവ സമയത്ത് ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയും സഹോദരനും ക്ഷേത്രദർശനത്തിനു പോയിരിക്കുകയായിരുന്നു
ഹരിപ്പാട്: മണ്ണാറശാലയിലെ നവജാത ശിശുവിനെ കിണറ്റിലെറിഞ്ഞ് കൊന്നത് അമ്മ തന്നെയെന്ന് പൊലീസ്. മണ്ണാറശാല മണ്ണാറ പഴഞ്ഞിയിൽ ശ്യാം കുമാറിന്റെ ഭാര്യ ദീപ്തി (26) ആണ് 48 ദിവസം പ്രായമുള്ള മകൾ ദൃശ്യയെ കിണറ്റിൽ ഇട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് ഒന്നിനായിരുന്നു സംഭവം. പ്രസവത്തിനു ശേഷം ഉണ്ടായ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്ന ദീപ്തി നേരത്തെ ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
സംഭവ സമയത്ത് ദീപ്തിയുടെ അച്ഛൻ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. അമ്മയും സഹോദരനും ക്ഷേത്രദർശനത്തിനു പോയിരിക്കുകയായിരുന്നു. അച്ഛൻ ഉറങ്ങിയ സമയത്താണ് കുഞ്ഞിനെ കിണറ്റിൽ ഇട്ടത്. ഉറക്കമുണർന്ന പിതാവ് കുട്ടിയെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. ഇതോടെ അമ്പലത്തിൽ പോയിരുന്ന മകനെയും ഭാര്യയെയും വിളിച്ചുവരുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വീടിനുസമീപത്തെ കിണറ്റിൽ കണ്ടെത്തിയത്. ഉടൻതന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിശു മരണപ്പെടുകയായിരുന്നു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ മുങ്ങി മരിച്ചതായുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെയും ബന്ധുക്കളെയും പൊലീസ് ആദ്യം ചോദ്യം ചെയ്തു.
തുടർന്ന് പ്രതിയായ ദീപ്തിയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പൊലീസ് നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ കരച്ചിൽ മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്ക് അസഹ്യമായി മാറിയെന്നും തുടർന്ന് കിണറ്റിൽ എറിയുകയും ആയിരുന്നുവെന്ന് ഹരിപ്പാട് പൊലീസ് പറഞ്ഞു.
അതേസമയം ഗുജറാത്തിലെ സബർകന്തയിലെ ഗംഭോയ് ഗ്രാമത്തിൽ നവജാത ശിശുവിനെ ജീവനോടെ കുഴിച്ചിട്ട സംഭവത്തിൽ മാതാപിതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം കുഞ്ഞിനെ ജീവനോടെ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയിരുന്നു. പാടത്ത് ജോലിക്കെത്തിയവര്‍ മണ്ണിലെ ഇളക്കം കണ്ട് പരിശോധിച്ചപ്പോഴാണ് ജീവനുള്ള കുഞ്ഞാണെന്ന് കണ്ടത്. ഉടൻ ഇവര്‍ തൊട്ടടുത്ത് ജോലി ചെയ്യുകയായിരുന്ന ഗുജറാത്ത് ഇലക്ട്രിസിറ്റി ബോർഡിലെ ജീവനക്കാരെ വിളിച്ച് വരുത്തി മണ്ണ് മാറ്റി കുഞ്ഞിനെ പുറത്തെടുത്തു. പെൺകുഞ്ഞിനെയാണ് മണ്ണിൽ കുഴിച്ചിട്ടിരുന്നത്.
മാതാപിതാക്കളെ കണ്ടെത്താൻ സംസ്ഥാന വ്യാപകമായി തെരച്ചിൽ ആരംഭിച്ചു. ഇതിനിടെ ചാമുണ്ഡ നഗറിൽ നിന്ന് ഗർഭിണിയായ സ്ത്രീയെയും അവരുടെ ഭർത്താവിനെയും വ്യാഴാഴ്ച രാവിലെ മുതൽ കാണാതായതായി പൊലീസിന് വിവരം ലഭിച്ചു. സംശയത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരും പിടിയിലായത്. ഇരുവർക്കുമെതിരെ ഐപിസി സെക്ഷൻ 307 (കൊലപാതകശ്രമം), 317 (കുട്ടിയെ ഉപേക്ഷിക്കൽ), 447 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മണ്ണാറശാലയിൽ 48 ദിവസം പ്രായമായ കുഞ്ഞ് കിണറ്റിൽ മരിച്ച നിലയിൽ
