Asianet News MalayalamAsianet News Malayalam

ദുബായ് അപകടം: ഓണാവധിക്ക് മകനെ കാത്തിരുന്ന അമ്മയെ തേടിയെത്തിയത് മരണവാര്‍ത്ത

ദുബായിൽ സെഞ്ചുറി മെക്കാനിക്കൽ സിസ്റ്റംസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു ദീപ കുമാര്‍. 14 വർഷം മുമ്പാണ് ജോലിക്കായി കടൽ കടക്കുന്നത്.

mother waits for son's return for holidays but gets his accident news
Author
Thiruvananthapuram, First Published Jun 8, 2019, 4:27 PM IST

തിരുവനന്തപുരം: ഓണത്തിന് അവധിയാഘോഷിക്കാനാനെത്തുന്ന മകനെ കാത്തിരിക്കുകയാണ് ഇപ്പോഴും ആ അമ്മ. അമ്മയെ മകന്‍റെ മരണ വാര്‍ത്തയറിയിക്കാതിരിക്കാനുള്ള പരിശ്രമത്തിലാണ് സഹോദരനും  അടുത്തബന്ധുക്കളും. കഴിഞ്ഞ ദിവസം റമസാന്‍ ആഘോഷങ്ങള്‍ക്ക് ശേഷം തിരിച്ചുപോവുകയായിരുന്ന ബസ് ദുബായില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ മരിച്ച് 17 പേരാണ്. അവരില്‍ ഏട്ട് മലയാളികളില്‍ ഒരാളാണ് തിരുവനന്തപുരം സ്വദേശി ദീപ കുമാര്‍. 

ദുബായിൽ സെഞ്ചുറി മെക്കാനിക്കൽ സിസ്റ്റംസ് കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്ന ദീപ കുമാര്‍ പതിന്നാല്‍ വര്‍ഷമായി ദുബായിലാണ്. എങ്കിലും എല്ലാ ഓണക്കാലത്തും ദീപ കുമാര്‍ നാട്ടിലെത്തി അമ്മയോടൊപ്പമാണ് ഓണമാഘോഷിക്കുക. ഇത്തവണത്തെ ദീപ കുമാറിന്‍റെ വരവിനായി അമ്മയും സഹോദരനും കുടുംബവും കാത്തിരിക്കുന്നതിനിടെയാണ് അപകടവാര്‍ത്തയെത്തുന്നത്. 

വിവാഹശേഷം ഭാര്യ ആതിരയും മകൾ അമൂല്യയും ദീപ കുമാറിനൊപ്പം ഗൾഫിലേക്ക് പോയിരുന്നു. എന്നും സഹോദരന്‍മാരെയും അമ്മയെയും ഫോൺ വിളിക്കുന്ന പതിവുള്ള ദീപ കുമാര്‍ ഈ ഓണത്തിന് നാട്ടിൽ എത്തി അവധി ആഘോഷിക്കാനിരിക്കെയാണ് ദുരന്തം. 

ദീപ കുമാറിന്‍റെ അമ്മ പ്രബുല ഇതുവരെ മകൻറെ മരണ വാർത്ത അറിഞ്ഞിട്ടില്ല. മരണവിവരം അറിഞ്ഞെത്തുന്നവരെ വീട്ടിലെത്തും മുമ്പ് ജയകുമാറും അടുത്ത ബന്ധുക്കളും മടക്കി അയക്കുകയാണ്. മൃതദേഹം കൊണ്ടു വന്നശേഷം മരണവാർത്ത അമ്മയോട് പറയാനാണ് സഹോദരങ്ങളുടെ തീരുമാനം.

ഒമാന്‍ സര്‍ക്കാരിന്‍റെ യാത്രാബസ് റാഷിദിയ മെട്രോസ്റ്റേഷന് സമീപം സൈന്‍ബോര്‍ഡില്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്. പെരുന്നാള്‍ അവധി ആഘോഷിക്കാന്‍ ഒമാന്‍ തലസ്ഥാനമായ മസ്കറ്റില്‍ പോയി തിരിച്ചു വരുന്നവരാണ് അപകടത്തില്‍പെട്ടത്. മരിച്ച ഇന്ത്യക്കാരെല്ലാം യുഎഇയുടെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്.

Follow Us:
Download App:
  • android
  • ios