കോഴിക്കോട് കൊയിലാണ്ടി സ്വദേശിയായ പെയിന്റിംഗ് തൊഴിലാളി ലിനീഷ് (44) രാജസ്ഥാനിൽ ട്രെയിനിൽ നിന്ന് വീണ് മരിച്ചു. ജോലി ആവശ്യാർത്ഥം യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്. ജോധ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കോഴിക്കോട്: പെയിന്റിംഗ് തൊഴിലാളിയായ യുവാവ് ജോലി ആവശ്യാര്‍ത്ഥമുള്ള യാത്രക്കിടെ രാജസ്ഥാനില്‍ ട്രെയിനില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് കൊയിലാണ്ടി പുളിയഞ്ചേരി സ്വദേശി മുണ്ടാടികുനി ലിനീഷ് (44) ആണ് മരിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തനുമായിരുന്നു. ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കായി രാജസ്ഥാനിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് ലഭിക്കുന്ന വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശനിയാഴ്ച ഉച്ചയോടെയാണ് ട്രെയിനില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റത്. തുടര്‍ന്ന് രാജസ്ഥാനിലെ ജോധ്പൂരിലുള്ള എംഡിഎം ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണം സംഭവിച്ചത്. അപകടവിവരമറിഞ്ഞ് ലിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും രാജസ്ഥാനിലേക്ക് തിരിച്ചിട്ടുണ്ട്. നിലവില്‍ മൃതദേഹം ജോധ്പൂര്‍ എംഡിഎം ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.