ഹൈവേയില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകീട്ട് 4 മുതല്‍ രാത്രി 12 വരെയാണ്  പരിശോധന നടത്തിയത്. 274 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 192 വാഹനങ്ങള്‍ക്കെതിരെ വിവിധ നിയമലംഘനങ്ങള്‍ക്ക് കേസെടുക്കുകയും 1,06500 രൂപ പിഴയീടാക്കുകയും ചെയ്തു.

കോഴിക്കോട്: നാഷണല്‍ ഹൈവേയില്‍ വെങ്ങളത്തിനും കൈന്നാട്ടിക്കും ഇടയില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് വിഭാഗം നടത്തിയ വാഹന പരിശോധനയില്‍ 192 ഹനങ്ങള്‍ക്കെതിരെ കേസെടുത്തു. ഹൈവേയില്‍ വര്‍ദ്ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ ബുധനാഴ്ച വൈകീട്ട് 4 മുതല്‍ രാത്രി 12 വരെയാണ് പരിശോധന നടത്തിയത്. 274 വാഹനങ്ങള്‍ പരിശോധിച്ചതില്‍ 192 വാഹനങ്ങള്‍ക്കെതിരെ വിവിധ നിയമലംഘനങ്ങള്‍ക്ക് കേസെടുക്കുകയും 1,06500 രൂപ പിഴയീടാക്കുകയും ചെയ്തു. മാനദണ്ഡങ്ങള്‍ പാലിക്കാതെ സര്‍വീസ് നടത്തിയ, ലൈറ്റുകള്‍ ഘടിപ്പിച്ച വാഹനങ്ങളാണ് പ്രധാനമായും പരിശോധിച്ചത്. അത്തരത്തില്‍ 10 ഹെവി വാഹനങ്ങള്‍ അടക്കം 91 വാഹനങ്ങളില്‍ നിന്ന് പിഴ ഈടാക്കി. 

അനധികൃത ലൈറ്റുകള്‍ അഴിച്ചു നീക്കം ചെയ്തതിനുശേഷമാണ് തുടര്‍ നടപടികള്‍ സ്വീകരിച്ചത്.അതിതീവ്രതയുള്ള ലൈറ്റുകള്‍ എതിരെ വരുന്ന ഡ്രൈവര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും കാഴ്ച്ചയെ താല്‍ക്കാലികമായി ബാധിക്കുകയും ചെയ്യും. രാത്രികാലങ്ങളില്‍ പല അപകടങ്ങളുടെയും കാരണം ഇതാണ്. ഓരോ വാഹനത്തിലും മോട്ടോര്‍ വാഹന നിയമം അനുശാസിക്കുന്ന ലൈറ്റുകള്‍ മാത്രമേ ഉപയോഗിക്കാവൂ. നീല, പച്ച നിറങ്ങളിലുള്ള ലൈറ്റുകള്‍ വാഹനത്തിന്റെ പുറംഭാഗത്ത് അനുവദനീയമല്ല. 

വാഹന നിര്‍മ്മാതാക്കള്‍ ഘടിപ്പിക്കുന്ന ഹെഡ് ലൈറ്റുകള്‍ക്ക് പുറമേ വാഹനത്തില്‍ ഘടിപ്പിക്കുന്ന എല്ലാ ലൈറ്റുകളും സ്പോട്ട് ലൈറ്റുകളായി കണക്കാക്കി അഴിച്ച് നീക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. വാഹനം മോടി പിടിപ്പിക്കുന്നതിന് പല തരത്തിലുള്ള എല്‍ ഇ ഡി ലൈറ്റുകള്‍ ഉപയോഗിക്കുന്നതും കണ്ടുവരുന്നുണ്ട്. ഇത്തരത്തിലുള്ള അനധികൃത ഫീറ്റിംഗ്സുകള്‍ നീക്കം ചെയ്ത് നോട്ടീസ് നല്‍കി പിഴ ഈടാക്കും. റോഡ് ഉപയോക്താക്കളുടെ പൂര്‍ണ്ണ സഹകരണം ഉണ്ടായാല്‍ മാത്രമേ റോഡ് സുരക്ഷ ഉറപ്പു വരുത്തുവാന്‍ കഴിയൂ.

കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് റീജിണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ പി എം ഷബീറിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരായ സനല്‍ മാമ്പിള്ളി, അജിത് കുമാര്‍, രന്‍ദീപ് പി, ജയന്‍, രാകേഷ്, പ്രശാന്ത് പി എന്നീ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും വിഷ്ണു, സിബി ഡിക്രൂസ്, മനീഷ്, ബിനു, അനീഷ്, എല്‍ദോ, വിപിന്‍, ഡിജു, ഷൈജന്‍, കിരണ്‍, ആദര്‍ശ് എന്നീ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരും അഞ്ച് സംഘങ്ങളായി നാഷണല്‍ ഹൈവേയുടെ വിവിധ ഭാഗങ്ങളിലാണ് വാഹന പരിശോധന നടത്തിയത്.