ചേർത്തല: ദേശീയപാതയിൽ കൃഷി പരിപാലിക്കുന്നതിനിടെ കെഎസ്ആർടിസി ബസിടിച്ച് മരിച്ച കർഷകന്റെ കുടുംബത്തിന് കൈത്താങ്ങുമായി മോട്ടോർവാഹന വകുപ്പ് . കർഷകന്റെ കൃഷിപരിപാലന ചിത്രം പകർത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് ലഭിച്ച അവാർഡ് തുകയും കുടുംബത്തിന്  കൈമാറി. പട്ടണക്കാട് പുതിയകാവ് നികർത്തിൽ സുരേന്ദ്രന്റെ കുടുംബത്തിനാണ് കൈത്താങ്ങുമായി ഉദ്യോഗസ്ഥരെത്തിയത്. 

സ്വന്തമായി കൃഷിയിടമില്ലായിരുന്ന സുരേന്ദ്രൻ ദേശീയപാതയിൽ മീഡിയനിലാണ് കൃഷി ചെയ്തിരുന്നത്. കൃഷി പരിപാലിക്കുന്നതിനിടെ മൂന്നുമാസം മുമ്പ് കെഎസ്ആർടിസിബസ് ഇടിച്ചായിരുന്നു സുരേന്ദ്രന്‍ മരിച്ചത് . ചേർത്തലയിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറായ എം.ജി.മനോജ് ഡ്യൂട്ടിക്കിടെ സുരേന്ദ്രൻ കൃഷി പരിപാലിക്കുന്നത് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. 

ആലപ്പുഴയിൽ നടന്ന കാർഷിക വ്യവസായിക പ്രദർശനത്തിൽ കാർഷിക അധിജീവനം എന്ന വിഷയത്തിൽ നടന്ന ഫോട്ടോഗ്രാഫി മത്സരത്തിൽ ഈ ചിത്രത്തിനായിരുന്നു ഒന്നാം സ്ഥാനം ലഭിച്ചത്. സമ്മാനതുക സുരേന്ദ്രന്റെ ഭാര്യ ലൈലയ്ക്ക് കൈമാറാൻ തീരുമാനിച്ചു. ഇതിനൊപ്പം മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥരും തങ്ങൾക്ക് ആകാവുന്ന സഹായങ്ങളും നൽകാൻ തീരുമാനിക്കുകയായിരുന്നു.