മലപ്പുറം: മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മുഴുവൻ വാഹന വിവരങ്ങളും കേന്ദ്രീകൃത സോഫ്റ്റ്‍വെയറായ 'പരിവാഹ'നിലേക്കു മാറ്റുന്നു. നിലവിൽ ഉപയോഗിക്കുന്ന സ്മാർട് മൂവിൽ നിന്ന് 1.25 കോടിയിലധികം വാഹനങ്ങളുടെ വിവരങ്ങളാണ് പുതിയ സോഫ്റ്റ്‍വെയറിലേക്ക് മാറ്റുന്നത്.

ഇത്തരത്തില്‍ മാറ്റിയ വാഹന ഉടമകൾക്കുള്ള മുഴുവൻ സേവനങ്ങളും 'പരിവാഹനി'ലൂടെ മാത്രമെ ലഭ്യമാവൂ എന്ന് മലപ്പുറം റീജിയനൽ ട്രാൻസ്പോർട്ട് ഓഫീസർ അനൂപ് വർക്കി അറിയിച്ചു. പുതിയ സോഫ്റ്റ്‍വെയറിലേക്ക് മാറ്റുന്ന വാഹനങ്ങളുടെ വിവരങ്ങൾ  parivahan.gov.in എന്ന വെബ്സൈറ്റിലും mparivahan.gov.in എന്ന മൊബൈൽ ആപ്പിലും ഡിജിലോക്കറിലും ലഭ്യമാവും. ഉൾപ്പെടുത്തിയ വിവരങ്ങളിൽ തെറ്റുകളുണ്ടെങ്കിലും വിവരങ്ങൾ ലഭ്യമല്ലെങ്കിലും ബന്ധപ്പെട്ട റീജിയനൽ ട്രാൻസ്പോർട്ട് ഓഫീസറെയോ ജോയിന്റ് ആർടിഒയെയോ രേഖാമൂലം അറിയിക്കണം.

'പരിവാഹന്‍' സോഫ്റ്റ്വെയർ വഴി സേവനങ്ങൾ ലഭ്യമാവാൻ വാഹന ഉടമകൾ സ്വന്തം മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യണം. മറ്റുള്ളവരുടെ പേരിലുള്ള മൊബൈൽ നമ്പർ ചേർക്കാൻ പാടില്ല. സേവനങ്ങൾക്ക് ഓൺലൈനിലാണ് അപേക്ഷകൾ നൽകേണ്ടത്. ഫീസ്, നികുതി എന്നിവ അടക്കേണ്ടതും ഓൺലൈനായാണ്. ഇതിനായി നെറ്റ് ബാങ്കിങ്, കാർഡ് പേയ്മെന്റ്, മൊബൈൽ പേയ്മെന്റ് സൗകര്യങ്ങൾ പരിവാഹൻ സോഫ്റ്റ്‍വെയറില്‍ ലഭ്യമാണ്. പുതിയ സോഫ്റ്റ്‍വെയറുപയോഗിച്ച് ആദ്യ തവണ നികുതി അടക്കുമ്പോൾ നികുതി കാലയളവിലോ തുകയിലോ വ്യത്യാസമുണ്ടായാൽ ഓഫീസുമായി ബന്ധപ്പെടണം.

ഇത്തരത്തിലുള്ള പ്രശ്‌നങ്ങൾ ഒരിക്കൽ പരിഹരിച്ചാൽ പിന്നീട് ആവർത്തിക്കാത്ത വിധത്തിലാണ് സോഫ്റ്റ്‍വെയര്‍ ഒരുക്കിയിരിക്കുന്നത്. നാല് അക്കങ്ങളിൽ കുറവു വരുന്ന വാഹന രജിസ്റ്റർ നമ്പറുകളിൽ നാലക്ക നമ്പറാവാൻ ആവശ്യമായത്ര പൂജ്യങ്ങൾകൂടി ചേർത്താവണം നൽകേണ്ടത്. പരിവാഹൻ ഓൺലൈൻ സേവനങ്ങളെ കുറിച്ചുള്ള കൈപ്പുസ്തകം മോട്ടോർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ mvd.kerala.gov.in ൽ ലഭ്യമാണ്.

ഘട്ടം ഘട്ടമായാണ് സോഫ്റ്റ്‍വെയറില്‍ വിവരങ്ങൾ ചേർക്കുന്നത്. മുഴുവൻ രജിസ്ട്രേഷൻ സീരീസിലും ഒന്നു മുതൽ 500 വരെ നമ്പർ വാഹനങ്ങളുടെ വിവരങ്ങൾ ഇതിനകം പരിവാഹനിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാക്കിയുള്ളവ ഉൾപ്പെടുത്തുന്ന നടപടികൾ പുരോഗമിക്കുകയാണ്. ഇക്കാലയളവിൽ ടാക്സ്, ഫീസ്, രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ, പെർമിറ്റ് പുതുക്കൽ, ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് തുടങ്ങി സമയബന്ധിതമായി അപേക്ഷ സമർപ്പിക്കേണ്ട സേവനങ്ങൾക്ക് നേരത്തെതന്നെ അപേക്ഷകൾ സമർപ്പിക്കണമെന്ന് മലപ്പുറം റീജിയനൽ ട്രാൻസ്പോർട്ട് ഓഫീസറുടെ അറിയിപ്പിൽ പറയുന്നു.