ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യാനായി നികുതിപ്പണം കൊടുത്ത് വാങ്ങിയ ഹീറോയുടെ 20 പുതുപുത്തൻ മാസ്റ്ററോ എഡ്ജ് സ്കൂട്ടറുകളാണ് മഴയിൽ നനഞ്ഞ് നശിക്കുന്നത്.

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി തിരുവനന്തപുരം നഗരസഭയിലെ ഭിന്നശേഷിക്കാർക്കായി വാങ്ങിയ പുത്തൻ മോട്ടോർ വാഹനങ്ങൾ മഴയത്ത് കിടന്ന് നശിക്കുന്നു. വാഹനം വിതരണം ചെയ്യാൻ മന്ത്രിമാർക്ക് സൗകര്യപ്രദമായ ദിവസം കാത്തിരിക്കുകയാണെന്നാണ് ജീവനക്കാർ നൽകുന്ന വിശദീകരണം.

തിരുവനന്തപുരം നഗരസഭയുടെ മുറ്റത്ത് കാണുന്ന വാഹനങ്ങൾ വിവിധ ആവശ്യങ്ങളുമായി ഇവിടെ എത്തിയ ആളുകളുടേതോ ജോലിക്കെത്തിയ ജീവനക്കാരുടേതോ അല്ല. ഭിന്നശേഷിക്കാർക്ക് വിതരണം ചെയ്യാനായി നികുതിപ്പണം കൊടുത്ത് വാങ്ങിയ ഹീറോയുടെ 20 പുതുപുത്തൻ മാസ്റ്ററോ എഡ്ജ് സ്കൂട്ടറുകളാണ് മഴയിൽ നനഞ്ഞ് നശിക്കുന്നത്.

പാലക്കാട്ടെ ഫാക്ടറിയിൽ വച്ച് ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപമാറ്റം വരുത്തിയ സ്കൂട്ടറുകൾ കോഴിക്കോട്ടെ ഡീലർ കൈമാറിയിട്ട് ദിവസങ്ങൾ കഴിഞ്ഞു. നടപടികൾ പൂർത്തിയാക്കി ജൂൺ 14ന് ആർടിഒ രജിസ്ട്രേഷൻ നമ്പറും ഗുണഭോക്താക്കൾക്ക് ലഭിച്ചു. വാഹനം മാത്രം കൈമാറുന്നില്ല. ജില്ലയിലെ മന്ത്രിയുടെ സൗകര്യം കാത്തിരിക്കുകയാണ് നഗരസഭ.

തുരുമ്പ് പിടിച്ച് തുടങ്ങിയ പുത്തൻ വാഹനങ്ങൾ മഴ നനയാതെ സൂക്ഷിക്കാനുള്ള കരുതൽ പോലും അധികൃതർ കാട്ടുന്നില്ല. മെ‍ഡിക്കൽ ക്യാമ്പ് അടക്കം നടത്തിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. എന്നാൽ നപടിക്രമങ്ങൾ ഇനിയും പൂർത്തായാക്കാനുണ്ടെന്നാണ് നഗരസഭയുടെ വിശദീകരണം.