സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശ്ശിരാജ കോളേജിൽ ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകൾ തുടങ്ങാനും പദ്ധതിയുണ്ട്.
വയനാട്: വയനാട് പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ ഡോപ്ളർ വെതർ റഡാർ സ്ഥാപിക്കുന്നതിനുള്ള ധാരണാപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ബാംഗ്ലൂർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിൽ തയാറാക്കിയ റഡാർ പുൽപ്പള്ളി പഴശ്ശിരാജ കോളേജിൽ സ്ഥാപിക്കുന്നതിനുള്ള പ്രവർത്തനം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ആരംഭിക്കും. 100 കി.മി വിസ്തൃതിയിൽ കാലാവസ്ഥാ നിരീക്ഷണം നടത്താവുന്ന X ബാൻഡ് റഡാർ ആണ് സ്ഥാപിക്കുന്നത്. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾക്കും റഡാറിന്റെ പ്രയോജനം ലഭിക്കും. മഴമേഘങ്ങളുടെ സവിശേഷ സ്വഭാവം പഠിക്കാനുള്ള സംവിധാനമാണ് ഡോപ്ളർ വെതർ റഡാർ.
ബത്തേരി രൂപത വികാരി ജനറൽ ഫാദർ സെബാസ്റ്റ്യൻ കീപ്പള്ളി, തിരുവനന്തപുരം കാലാവസ്ഥാ കേന്ദ്രം മേധാവി ഡോ. നീതാ ഗോപാൽ, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ, ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, ചീഫ് സെക്രട്ടറി ഡോ എ ജയതിലക്, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. കെ.പി സുധീർ, സുൽത്താൻ ബത്തേരി ശ്രേയസ് ഡയറക്ടർ ഫാദർ ഡേവിഡ് ആലുങ്കൽ തുടങ്ങിയവർ പരിപാടിയില്‍ പങ്കെടുത്തു.
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി, കേന്ദ്ര കാലാവസ്ഥാ വകുപ്പ് എന്നിവയുടെ സഹകരണത്തോടെ പഴശ്ശിരാജ കോളേജിൽ ദുരന്ത ലഘൂകരണ രംഗത്തെ കോഴ്സുകൾ തുടങ്ങാനും പദ്ധതിയുണ്ട്.

