കായംകുളം: വഴിയോര തട്ടുകടകൾ പുനഃസ്ഥാപിക്കാൻ വഴിയോര കച്ചവടക്കാർ നടത്തിയ നീക്കം പൊലീസുമായി തർക്കത്തിനിടയാക്കി. കഴിഞ്ഞ മാസം നഗരത്തിലെ വഴിയോര കച്ചവടം നടത്തിവന്ന തട്ടുകടകൾ പൊലീസും നഗരസഭയും ചേർന്ന് നീക്കം ചെയ്തിരുന്നു. തങ്ങളെ പുനഃരധിവസിപ്പിക്കാതെ നഗരസഭ ചെയ്ത ഈ നടപടിക്കെതിരെ വിവിധ യൂണിയനുകൾ രംഗത്ത് വന്നിരുന്നു. 

കച്ചവടക്കാർ ഇന്ന് നഗരത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ തട്ടുകടകൾ പുനഃസ്ഥാപിക്കാൻ ഒരുങ്ങി. ഈ സമയം പൊലീസും നഗരസഭ ഉദ്യോഗസ്ഥരുമെത്തി പൊളിച്ചുനീക്കാൻ തുടങ്ങുകയായിരുന്നു. ഇതോടെ യൂണിയൻ നേതാക്കൾ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി വാക്കേറ്റമായി. അടുത്ത ആഴ്ച ഇതുസംബന്ധിച്ച് ചർച്ച നടത്താമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയതോടെയാണ് രംഗം ശാന്തമായത്.